ദുബൈ: പെരുന്നാള്‍ അവധി തിരക്കിന് ശേഷം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയും. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 60 മുതല്‍ 70 ശതമാനം വരെ കുറയുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ( UAE flight ticket rates to drop by 60-70% after Eid Al Fitr holidays )
|
വേനല്‍ക്കാല തിരക്ക് തുടങ്ങും മുമ്പ് ഏപ്രില്‍ പകുതി മുതല്‍ മെയ് പകുതി വരെയാണ് കുറഞ്ഞ നിരക്ക് ലഭ്യമാവുകയെന്ന് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. ഈദുല്‍ ഫിത്വര്‍ അവധിക്ക് നാട്ടില്‍ പോവുന്നവരുടെ തിരക്ക് കാരണം വിമാന ടിക്കറ്റ് നിരക്ക് വലിയ തോതില്‍ കൂടിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യ, സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് യുഎഇയില്‍ നിന്നുള്ള നിരക്ക് കുത്തനെ ഇടിയുന്നത്.
2023നെ അപേക്ഷിച്ച് ഇത്തവണ യുഎഇയില്‍ നിന്ന് ഈദ് അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ നാലിരട്ടിയോളം വര്‍ധന ഉണ്ടായതായാണ് കണക്ക്. അതുകൊണ്ട് തന്നെ വിമാന ടിക്കറ്റിന് പൊള്ളുന്ന നിരക്കായിരുന്നു. ഏപ്രില്‍ 15 മുതല്‍ മെയ് 15വരെയാണ് കുറഞ്ഞ നിരക്ക് ലഭ്യമാവുക. സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ള രക്ഷിതാക്കളുടെയും ബിസിനസുകാരുടെയും യാത്ര ഈ സമയത്ത് പൊതുവേ കുറവാണെന്നതിനാലാണ് നിരക്ക് കുറയുന്നത്.





