ഉക്രൈന്‍ നാവികസേനയുടെ നിരീക്ഷണക്കപ്പലായ സിംഫെറോപോള്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. ഒരു പതിറ്റാണ്ടിനിടെ ഉക്രെയ്ന്‍ നിര്‍മ്മിച്ച ഏറ്റവും വലിയ കപ്പലാണിത്. കപ്പല്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
|
റേഡിയോ, ഇലക്ട്രോണിക്, റഡാര്‍, ഒപ്റ്റിക്കല്‍ നിരീക്ഷണങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ലഗുണ-ക്ലാസ് വിഭാഗത്തില്‍പ്പെട്ട ഈ കപ്പല്‍ ഡാനൂബ് നദിയുടെ അഴിമുഖത്തുവെച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ഉക്രൈന്‍ നാവികസേനാ കപ്പലിനെ തകര്‍ക്കാന്‍ കടല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ വിജയകരമായ ആക്രമണമാണിതെന്ന് ഒരു യു.എ.വി. വിദഗ്ദ്ധനെ ഉദ്ധരിച്ച് ടി.എ.എസ്.എസ്. റിപ്പോര്‍ട്ട് ചെയ്തു. കപ്പലിന് നേരെ ആക്രമണം നടന്നതായി ഉക്രൈന്‍ അധികാരികളും സ്ഥിരീകരിച്ചു.
കിയവ് ഇന്‍ഡിപെന്‍ഡന്റ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
‘ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണ്, കാണാതായ നിരവധി നാവികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു,’ നാവികസേനാ വക്താവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2019-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സിംഫെറോപോള്‍, രണ്ട് വര്‍ഷത്തിന് ശേഷം ഉക്രൈന്‍ നാവികസേനയുടെ ഭാഗമായി. 2014-ന് ശേഷം കിയവ് പുറത്തിറക്കിയ ഏറ്റവും വലിയ കപ്പലാണിത് എന്ന് വാര്‍ഗോണ്‍സോ ടെലിഗ്രാം ചാനല്‍ പറയുന്നു.


