തെല്‍ അവീവ്: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍. (‘UN Secretary General who supports terrorists will not be allowed to set foot in Israel’: Israel FM) മിസൈലാക്രമണത്തില്‍ ഇറാനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചില്ലെന്ന് ആരോപിച്ചാണ് ഇസ്രായേലിന്റെ വിലക്ക്. യു.എന്‍ സെക്രട്ടറി ജനറല്‍ തീവ്രവാദികളെയാണ് പിന്തുണയ്ക്കുന്നതെന്നും ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആരോപിച്ചു.
|
‘ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് ഇസ്രായേലില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുന്നു. ഇറാന്‍ നടത്തിയ ക്രൂരമായ ആക്രമണത്തെ, ലോകത്തിലെ മറ്റെല്ലാ രാഷ്ട്രങ്ങളും ചെയ്തതുപോലെ അപലപിക്കാന്‍ തയാറാകാത്ത ഏതൊരാളും ഇസ്രായേലിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹനല്ല. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തെയും ലൈംഗികാതിക്രമത്തെയും ഇനിയും അപലപിക്കാന്‍ തയാറാകാത്തയാളാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍. ഹമാസിനെ ഭീകര പ്രസ്ഥാനമായി പ്രഖ്യാപിക്കാനും തയാറായിട്ടില്ല. ഹമാസ്, ഹിസ്ബുല്ല, ഹൂതികള്‍, ഇറാന്‍ തുടങ്ങി ആഗോളതീവ്രവാദ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്ന സെക്രട്ടറി ജനറല്‍ ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ കളങ്കമാണ്. അന്റോണിയോ ഗുട്ടെറസ് ഒപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്രായേല്‍ സ്വന്തം പൗരന്മാരുടെ സുരക്ഷയും രാജ്യത്തിന്റെ അന്തസ്സും ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും’ -വിദേശകാര്യ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
ALSO READ: ഇസ്രായേലിലെ വെടിവയ്പിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തു
പശ്ചിമേഷ്യയിലെ സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനെ അപലപിക്കുന്നു എന്നായിരുന്നു മിസൈല്‍ ആക്രമണത്തിന് പിന്നാലെ അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം. ഇത് അവസാനിക്കണമെന്നും വെടിനിര്‍ത്തല്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇറാനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.
ഗസ്സയിലും ലബ്‌നാനിലും ഇസ്രായേല്‍ തുടരുന്ന നരനായാട്ടിനു മറുപടിയായാണ് ചൊവ്വാഴ്ച്ച ഇറാന്‍ തെല്‍ അവീവിലേക്ക് 200ഓളം മിസൈലുകള്‍ തൊടുത്തത്. ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍, മൊസാദ് ആസ്ഥാനം, നേവാറ്റിം വ്യോമതാവളം, ഹാറ്റ്‌സോര്‍ വ്യോമതാവളം, റഡാര്‍ ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഇസ്രായേല്‍ തിരികെ ആക്രമണം നടത്തിയാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ, ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല, ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ അബ്ബാസ് നിലോഫര്‍ഷാന്‍ എന്നിവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.


