07
Oct 2023
Mon
07 Oct 2023 Mon

UAE, സൗദി അടക്കമുള്ള ആറ് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ഒരൊറ്റ വിസ; രണ്ടുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലെ (ജിസിസി) രാജ്യങ്ങള്‍ക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം. ഒരു വിസയില്‍ ആറ് രാജ്യങ്ങള്‍ കണാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ഈ വിസ കൈവശം ഉള്ളവര്‍ക്ക് ആറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി അറിയിച്ചു. മസ്‌കറ്റില്‍ നടന്ന ജിസിസി മന്ത്രിമാരുടെ യോഗത്തിലാണ് വലിയ പരിവര്‍ത്തനത്തിന് വിധേയമാകുന്ന ഷെങ്കന്‍ ശൈലിയിലുള്ള വിസയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതിലൂടെ ഒരൊറ്റ വിസയിലൂടെ വിനോദസഞ്ചാരികള്‍ക്ക് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധിക്കാം. വിസ നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ എപ്പോള്‍ അന്തിമമാക്കും എന്നതിനെ ആശ്രയിച്ച് 2024 അല്ലെങ്കില്‍ 2025 ല്‍ വിസ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് അല്‍ മര്‍റി വ്യക്തമാക്കുന്നത്.

അടുത്ത ഘട്ടത്തില്‍ ആറ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ടൂറിസ്റ്റ് റൂട്ടിനെക്കുറിച്ച് ജിസിസി സര്‍ക്കാരുകള്‍ വിശദമായി പഠിക്കുമെന്നും അല്‍ മര്‍റി വെളിപ്പെടുത്തി. 30 ദിവസത്തിലധികം കാലാവധി നീണ്ടുനില്‍ക്കുന്ന വിസയിലൂടെ വിദേശ വിനോദസഞ്ചാരികള്‍ ഈ റൂട്ടിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന എമിറാത്തി ടൂറിസം റൂട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും യുഎഇയുടെ എമിറേറ്റ്‌സ് ടൂറിസം കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.

അന്തര്‍ നഗര ഫ്‌ലൈറ്റുകളും ജിസിസി രാജ്യങ്ങളിലുടനീളമുള്ള അതിഥികളുടെ എണ്ണവും വര്‍ധിപ്പിച്ച് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന വര്‍ദ്ധിപ്പിക്കുകയെന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് സിംഗിള്‍ ജി.സി.സി ടൂറിസ്റ്റ് വിസ. യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സംഭാവനകളിലൊന്നാണ് ടൂറിസം. അതായത് നിലവില്‍ അതിന്റെ ജി.ഡി.പിയുടെ 14 ശതമാനം. ഈ മേഖലയുടെ സംഭാവന 18 ശതമാനമായി ഉയര്‍ത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും യുഎഇ മന്ത്രി പറഞ്ഞു.

ഓരോ ജിസിസി രാജ്യത്തിന്റെയും ചില ആഭ്യന്തര കാര്യങ്ങളില്‍ വിത്യാസം ഉണ്ട്. വിസ അനുവദിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഒരുപോലെ ആണെങ്കിലും വേറെ ചില കാര്യങ്ങളില്‍ വലിയ വിത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ വിസ അനുവദിക്കുമ്പോള്‍ നിയന്ത്രണങ്ങളും നിയമനിര്‍മ്മാണങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജിസിസിയുടെ 2030 ലെ സ്ട്രാറ്റജിയുടെ ഭാഗമായി 837 ടൂറിസ്റ്റ് സൈറ്റുകളാണ് പട്ടികപ്പെടുത്തിയത്. അതില്‍ 399 ഉം യുഎഇയിലാണ് എന്നതാണ് ശ്രദ്ധേയം. ബഹ്‌റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫി അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

unified-tourist-visa-for-gcc-countries-will-be-introduced-in-two-years

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക