|
റിയാദ്: സൗദിയില്‍ അടുത്ത വര്‍ഷത്തേക്കുള്ള ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതികള്‍ വെളിപ്പെടുത്തി ലുലു ഉടമ എം.എ യൂസുഫലി. സൗദിയില്‍ രണ്ട് വര്‍ഷത്തിനകം 100 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലാണ് ലുലു എന്നാണ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞത്. ഇതോടെ പതിനായിരം സൗദി സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു. 3800 പേര്‍ക്കാണ് സൗദിയിലെ 65 ഹൈപ്പര്‍മാര്‍ക്കറ്റുകളിലായി നേരിട്ട് തൊഴിലവസരം ലഭിക്കുന്നത്.
സൗദിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് യൂസുഫലിയുടെ പ്രഖ്യാപനം. ചടങ്ങ് ഉദ്ഘാടനംചെയ്ത് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, യുൂസുഫലിയെക്കുറിച്ച് നടത്തിയ പ്രശംസയും ശ്രദ്ധിക്കപ്പെട്ടു. യൂസുഫലിയെ ‘ഇന്ത്യയുടെ റോവിങ്ങ് അംബാസിഡര്‍’ എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമാക്കുന്നത്തില്‍ ലുലു നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തെയും കേന്ദ്രമന്ത്രി പ്രശംസിച്ചു.

സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കഠിനാധ്വാനം പ്രശംസനീയമാണ്. മധ്യപൂര്‍വദേശത്തെ ലിസ്റ്റഡ് കമ്പനിയായി മാറിയ ലുലു ഗ്രൂപ്പ് ഇന്ന് ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ അഭിമാനമായി മാറി. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് ലുലുവിനുള്ളത്. ഇന്ത്യയും ജിസിസി രാഷ്ട്രങ്ങളും തമ്മിലുള്ള മികച്ച വാണിജ്യബന്ധത്തിന് ലുലു മികച്ചസേവനം നല്‍കുന്നു. ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യബന്ധത്തിന് കൂടുതല്‍ കരുത്തേകാന്‍ ലുലുവിലെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് കഴിയുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയത്. ലഡാക്ക് അപ്പിള്‍, ഓര്‍ഗാനിക് ബ്യൂട്ടി പ്രൊഡക്ടുകള്‍, മില്ലറ്റ്‌സ് ഉള്‍പ്പെടെ അന്‍പതിലേറെ ഇന്ത്യന്‍ ഉത്പന്നങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്.
Union Minister Piyush Goyal inaugurates Lulu Diwali


