
മുംബൈ: നിരന്തരം മുസ്ലിം വിദ്വേഷം ഛര്‍ദ്ദിക്കുന്ന ബിജെപി നേതാവിനെ ഘടക കക്ഷിയിലെ കേന്ദ്രമന്ത്രിക്ക് പോലും മടുത്തു. (Union minister Ramdas Athewale agaist Nitesh Rane) മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണയുടെ മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശത്തിനെതിരേയാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ രംഗത്തെത്തിയത്.
![]() |
|
മുസ്ലിംകളും നമ്മുടെ സ്വന്തമാണെന്ന് എന്‍ഡിഎ ഘടകകക്ഷി റിപബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ(അത്താവാലെ) തലവനും കേന്ദ്ര സാമൂഹികക്ഷേമ സഹമന്ത്രിയുമായ രാംദാസ് അത്താവാലെ പറഞ്ഞു. രാജ്യം ഭരണഘടനയ്ക്ക് അനുസരിച്ചാണു മുന്നോട്ടുപോകുന്നതെന്നും മുസ്ലിംകളെ ഇത്തരത്തില്‍ നിരന്തരം ആക്രമിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിഎം കാരണം തന്നെയാണ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും, ഇവിഎം എന്നാല്‍ ‘എവരി വോട്ട് എഗെയിന്‍സ്റ്റ് മുല്ല'(ഓരോ വോട്ടും മുസ്ലിംകള്‍ക്കെതിരെ) എന്നാണെന്നുമായിരുന്നു നിതേഷ് റാണെയുടെ വിവാദ പരാമര്‍ശം. ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി ഹിന്ദുക്കള്‍ക്കു വോട്ട് ചെയ്യുന്നതുകൊണ്ടാണ് എതിരാളികള്‍ ഇവിഎമ്മിനെ വിമര്‍ശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നേരത്തെ, കേരളത്തെ ‘മിനി പാകിസ്താന്‍’ എന്നു വിളിച്ചും നിതേഷ് റാണെ വിവാദം സൃഷ്ടിച്ചിരുന്നു.
ALSO READ: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി കിടപ്പുരോഗി; നടന്നുപോയി സമാധിയായെന്ന മകന്റെ വാദത്തില്‍ ദുരൂഹത
നിതേഷ് റാണെ മഹാരാഷ്ട്ര മന്ത്രിയാണെന്ന് ഓര്‍ക്കണം. അദ്ദേഹം നടത്തിയത് തെറ്റായ പ്രസ്താവനയാണെന്നും അത്താവാലെ വിമര്‍ശിച്ചു. ഇത്തരം സംഗതികള്‍ ആരും പറയാന്‍ പാടില്ല. രാജ്യം ഭരണഘടനയ്ക്ക് അനുസരിച്ചാണു മുന്നോട്ടുപോകുന്നത്. നിതേഷ് റാണെ ഇത്തരം കടുത്ത നിലപാട് സ്വീകരിക്കരുത്. മുസ്ലിംകളും നമ്മുടെ സ്വന്തമാണ്. അവരെ ഇങ്ങനെ നിരന്തരം ആക്രമിക്കുന്നത് നിര്‍ത്തണം- കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
റാണെയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രതികരണം. സ്വാതന്ത്ര്യ സമരത്തിന്റെ അടിസ്ഥാന പാഠം എന്താണെന്ന് ശരിക്കും മനസിലാക്കേണ്ടതുണ്ട്. മതമാണ് ദേശീയതയുടെ അടിസ്ഥാനമെന്നു വാദിച്ചവര്‍ പാകിസ്താനുമായി പോയി. എല്ലാവരുടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മള്‍ പോരാടിയതെന്നാണ് അന്ന് മഹാത്മാ ഗാന്ധി പറഞ്ഞത്. മുസ്ലിംകളോ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ മറ്റ് ഏതു ജാതിവിഭാഗങ്ങളോ ആയാലും ഏതെങ്കിലും പ്രത്യേക സമുദായത്തെ എടുത്തുപറയുന്നത് തെറ്റാണെന്നും തരൂര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നടന്ന ഹിന്ദു ഗര്‍ജന സഭ എന്ന പേരിലുള്ള ചടങ്ങിലായിരുന്നു നിതേഷ് റാണെയുടെ പുതിയ വിവാദ പരാമര്‍ശം. ”എന്തിനാണ് നമ്മുടെ എതിരാളികള്‍ ഇവിഎമ്മിനെച്ചൊല്ലി ബഹളം വയ്ക്കുന്നതെന്ന് അറിയാമോ? ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി ഹിന്ദുക്കള്‍ക്ക് വോട്ട് ചെയ്യുന്നത് അവര്‍ക്ക് ദഹിക്കുന്നില്ല. എപ്പോഴും ഇവിഎമ്മുകളെ ആക്ഷേപിക്കുകയാണ്. അവര്‍ക്ക് ഇവിഎമ്മിന്റെ അര്‍ഥം അറിയില്ല. ഏതു പശ്ചാത്തലത്തിലാണ് അടുത്തു നടന്ന തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുക്കള്‍ വോട്ട് ചെയ്തതെന്നും അവര്‍ മനസിലാക്കുന്നില്ല. ഇവിഎം എന്നാല്‍ ‘എവരി വോട്ട് എഗെയിന്‍സ്റ്റ് മുല്ലാ’ എന്നാണ്.”-നിതേഷ് റാണെ പറഞ്ഞു.
ഇവിഎം കാരണം തന്നെയാണ് തങ്ങളെല്ലാം തെരഞ്ഞെടുക്കപ്പെട്ടതെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.