
നെയ്യാറ്റിന്‍കരയില്‍ ഗോപന്‍ സ്വാമി സമാധിയായെന്നും മൃതദേഹം സ്ലാബിട്ട് മൂടിയ ശേഷം നാട്ടുകാരെ മരണവിവരം അറിയിക്കുകയും ചെയ്ത മകന്റെ വാദത്തില്‍ അടിമുടി ദുരൂഹത. ഗോപന്‍ സ്വാമി കിടപ്പുരോഗിയായിരുന്നുവെന്നും എഴുന്നേറ്റ് നടക്കാന്‍ അദ്ദേഹത്തിന് ആവുമായിരുന്നില്ലെന്നും ബന്ധു പോലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച രാവിലെ താന്‍ വീട്ടിലെത്തുമ്പോള്‍ ഗോപന്‍ സ്വാമി ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്നാണ് ബന്ധുവിന്റെ മൊഴി. ഇതോടെയാണ് ഗോപന്‍ സ്വാമിയെ ജീവനോടെ അറയ്ക്കുള്ളിലിട്ട് സ്ലാബിട്ടുമൂടുകയാണ് ചെയ്തിരിക്കുന്നതെന്ന സംശയം ഉയര്‍ന്നത്.
![]() |
|
ഗോപന്‍ സ്വാമിയുടെ മകന്‍ രാജസേനന്‍ ആണ് അച്ഛന്‍ ജീവിത സമാധിയായെന്ന വിവരം മാധ്യമങ്ങളെയടക്കം അറിയിച്ചത്. രാവിലെ പത്തോടെ അറയിലേക്കു നടന്നു പോയി പത്മാസനത്തില്‍ ഇരുന്ന പിതാവിനു വേണ്ടി പുലര്‍ച്ചെ മൂന്നുവരെ പൂജകള്‍ ചെയ്തതായാണ് രാജസേനന്‍ പറയുന്നത്. എന്നാല്‍ മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരു കുടുംബാംഗത്തിന്റെ മൊഴി. ‘ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ കുടുംബക്ഷേത്രത്തിന്റെ മതിലുകളില്‍ അടക്കം പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു രംഗത്തുവരികയായിരുന്നു.
ഗോപന്‍ വീട്ടുവളപ്പില്‍ ശിവക്ഷേത്രം നിര്‍മിച്ചു പൂജകള്‍ നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഇതിന് അടുത്ത് തന്ന സമാധി അറ നിര്‍മിച്ചതും ഗോപന്‍ തന്നെയാണെന്നാണ് ഭാര്യയും മക്കളും പറയുന്നത്. മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപന്‍ നിര്‍ദേശം നല്‍കിയിരുന്നതായും രാജസേനന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് ഗോപന്‍ സ്വാമിയെ രാജസേനന്‍ വഴക്ക് പറയുമായിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചു. രാജസേനനെ മോഷണക്കേസില്‍ പോലീസ് മുമ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടുവളപ്പിലെ ക്ഷേത്രത്തില്‍ രാജസേനന്‍ രാത്രികാലങ്ങളില്‍ പൂജ നടത്തിയിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചു. ആഭിചാരക്രിയകളാണോ ഇയാള്‍ നടത്തിയിരുന്നതെന്ന അടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
നിലവില്‍ മാന്‍ മിസ്സിങ്ങിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമാധി അറ പൊളിച്ചു പരിശോധിക്കാനാണ് പോലീസ് നീക്കം. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടത്തുന്ന പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയാല്‍ ഇതു പോസ്റ്റ്മോര്‍ട്ടം ചെയ്യും.