യേശിവ വിദ്യാര്‍ഥികളുടെ നിര്‍ബന്ധിത സൈനിക സേവനത്തെച്ചൊല്ലി ഇസ്രായേല്‍ സര്‍ക്കാരില്‍ പൊട്ടിത്തെറി. (United Torah Judaism quits Israel gov’t) തീവ്ര യാഥാസ്ഥിതിക ജൂത വിഭാഗമായ യുനൈറ്റഡ് തോറ ജൂദായിസം(യുടിജെ) പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്മാറുകയും ചെയ്തു.
|
പാര്‍ട്ടിയുടെ ദെഗല്‍ ഹത്രോഅ വിഭാഗമാണ് ആദ്യം പിന്തുണ പിന്‍വലിച്ചത്. ജൂതപുരോഹിതരായ റബ്ബിമാരുടെ നിര്‍ദേശം അനുസരിച്ച് തങ്ങള്‍ സര്‍ക്കാരില്‍ നിന്നും സഖ്യത്തില്‍ നിന്നും പിന്മാറുന്നതായി പാര്‍ട്ടി ആത്മീയ നേതാവ് റബ്ബി ഡോവ് ലാന്‍ഡോ പ്രഖ്യാപിച്ചു.
തോറ വിദ്യാര്‍ഥികളുടെ ജീവിതം സര്‍ക്കാര്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നതായും യേശിവ വിദ്യാര്‍ഥികളുടെ നിയമപരമായ പദവി അനുവദിച്ച് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. പിന്നാലെ പാര്‍ട്ടിയുടെ ഹാസിദിക് അഗുദത്ത് ഇസ്രായേല്‍ വിഭാഗവും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
യേശിവ വിദ്യാര്‍ഥികളെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്ന ബില്ല് കൊണ്ടുവരണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. തിങ്കളാഴ്ച്ച വൈകുന്നേരത്തിനകം കരട് ബില്ല് പാസാക്കിയില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് യുടിജെ നേരത്തേ അറിയിച്ചിരുന്നു.
തീവ്രയാഥാസ്ഥിതിക വിഭാഗമായ ഹരേദികള്‍ക്ക് സൈനിക സേവനത്തില്‍ നിന്ന് ഇളവ് നല്‍കുന്ന കാര്യം നേരത്തേ ആലോചനയിലുണ്ടായിരുന്നു. എന്നാല്‍, ഗസയിലും തുര്‍ന്ന് ഇറാനുമായും യുദ്ധം മുറുകുകയും ആവശ്യത്തിന് സൈനികരെ കിട്ടാതാവുകയും ചെയ്തതോടെ ബില്ല് കൊണ്ടുവരുന്നത് വൈകുകയായിരുന്നു.





