16
Apr 2023
Wed
16 Apr 2023 Wed

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് പെൺകുട്ടിയുടെ വീട്ടുകാരെ ആക്രമിച്ച ശേഷം പ്രതികൾ വീടിന് തീയിട്ടു. പൊള്ളലേറ്റ രണ്ടുപിഞ്ചു കുട്ടികളുടെ നില ഗുരുതരാവസ്ഥയിൽ ആണ്. ബലാത്സംഗത്തെത്തുടർന്ന് ഗർഭിണിയായ പതിനൊന്നുകാരിയുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനും രണ്ടുമാസം പ്രായമുള്ള മറ്റൊരു കുട്ടിക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിൽ കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയ രണ്ടു പ്രതികളാണ് ഗുണ്ടകളെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം അഴിച്ചു വിട്ടത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികൾ, പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ ക്രൂരമായി മർദ്ദിച്ചു. ഇതിനു ശേഷമാണ് വീടിന് തീവെച്ചത്. പീഡനത്തെത്തുടർന്ന് ജനിച്ച ആൺകുഞ്ഞിന് 35 ശതമാനവും, രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന് 45 ശതമാനവും പൊള്ളലേറ്റു. കുട്ടികൾ കാൺപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുഞ്ഞിനെ കൊലപ്പെടുത്താനാണ് പ്രതികൾ വീടിന് തീയിട്ടതെന്ന് അതിജീവിതയുടെ അമ്മ ആരോപിച്ചു. 2022 ഫെബ്രുവരി 13നാണ് ഉന്നാവിൽ പതിനൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പെൺകുട്ടിയുടെ അച്ഛനെയും പ്രതികളും ഗുണ്ടകളും ചേർന്ന് ആക്രമിച്ചിരുന്നു. ഇദ്ദേഹവും ചികിത്സയിലാണ്.