27
Dec 2025
Tue
27 Dec 2025 Tue
up fog death

ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുന എക്‌സ്പ്രസ് ഹൈവേയില്‍ കനത്ത പുകമഞ്ഞില്‍പ്പെട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നാല് പേര്‍ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. ബസ് അടക്കം ചില വാഹനങ്ങള്‍ക്ക് തീപിടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി- ആഗ്ര എക്‌സ്പ്രസ് വേയില്‍ കനത്ത പുകമഞ്ഞില്‍ റോഡ് കാണാത്ത അവസ്ഥ വന്നതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിലാണ് വാഹനങ്ങള്‍ക്ക് തീപിടിച്ചത്.

നാല് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.

മൂടല്‍മഞ്ഞില്‍ റോഡ് കാണാനാവാതെ കാര്‍ കനാലിലേക്ക് മറിഞ്ഞു, അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനിടെ പഞ്ചാബിലും നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാര്‍ കനാലിലേക്ക് മറിഞ്ഞ് സ്‌കൂള്‍ അധ്യാപകരായ ദമ്പതികള്‍ മരിച്ചു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റോഡിലെ ദൃശ്യപരത ഗണ്യമായി കുറഞ്ഞ സമയത്താണ് അപകടമുണ്ടായത്. പഞ്ചാബിലെ മോഗ ജില്ലയിലാണ് അപകടമുണ്ടായത്.

പഞ്ചാബ് ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംഗത്പുര ഗ്രാമത്തിലെ പോളിംഗ് ബൂത്തിലേക്ക് പോവുകയായിരുന്നു കമല്‍ജീത് കൗര്‍. ഭര്‍ത്താവ് ജാസ് കരണ്‍ സിംഗ് ഭാര്യയെ കൊണ്ടുവിടാന്‍ പോകവേയാണ് അപകടമുണ്ടായത്. കനത്ത മൂടല്‍മഞ്ഞ് കാരണം മുന്നിലുള്ള റോഡ് വ്യക്തമായി കാണാന്‍ കഴിയാതിരുന്നതിനാല്‍ കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.

ഡല്‍ഹില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ശക്തമായ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.

വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വിസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

അതേസമയം, വായു മലിനീകരണം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജി.ആര്‍.എ.പി) നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചു.