മുസ്‌ലിമായ ഏഴുവയസ്സുകാരനെ ക്ലാസ് മുറിയില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി സഹപാഠികളെ അധ്യാപിക മുഖത്തടിപ്പിച്ച സംഭവത്തില്‍ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ യുപി പൊലീസ് കേസെടുത്തു. അടികൊണ്ട വിദ്യാര്‍ഥിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടതിനാണ് കേസെടുത്തതെന്ന് യുപി പൊലീസ് പറഞ്ഞു.
|
തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ക്ലാസിലെ മുസ് ലിം വിദ്യാര്‍ഥിയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയ ശേഷം ഹിന്ദുവിദ്യാര്‍ഥികളെകൊണ്ട് മുഖത്തടിപ്പിച്ചത്. ചെറുതായി അടിക്കുന്ന വിദ്യാര്‍ഥികളോട് ശക്തിയായി അടിക്കാന്‍ അധ്യാപിക നിര്‍ദേശിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതോടെ തൃപ്ത ത്യാഗി കുട്ടി ഗൃഹപാഠം ചെയ്യാത്തിനാലാണ് കുട്ടികളെകൊണ്ട് അടിപ്പിച്ചതെന്നും താന്‍ ഭിന്നശേഷിക്കാരിയാണെന്നും അവകാശപ്പെട്ടിരുന്നു. മകനെ അധ്യാപിക മണിക്കൂറുകളോളം എഴുന്നേല്‍പ്പിച്ചുനിര്‍ത്തിയെന്നും സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച് അപമാനിച്ചുവെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.
യുപിയിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രധാനാധ്യാപിക കൂടിയായ തൃപ്ത ത്യാഗിയുടെ വിദ്വേഷനടപടിക്ക് ഇരയായത്. തന്റെ പ്രവൃത്തിയില്‍ ലജ്ജിക്കുന്നില്ലെന്നും കുട്ടികളെ നിയന്ത്രിക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും അവര്‍ പിന്നീട് പ്രതികരിച്ചിരുന്നു.നടപടി രാജ്യവ്യാപക പ്രതിഷേധത്തിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





