28
Mar 2025
Fri
28 Mar 2025 Fri
PROFFESSOR SEXUAL ABUSE STUDENTS

ലഖ്നൗ: നിരവധി വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു കൊണ്ടിരുന്ന പ്രൊഫസറെ യുപി പോലീസ് അറസ്റ്റ് ചെയ്തു. (UP professor sexual abuse of students ) വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും വീഡിയോകള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് തുടരെ പീഡനങ്ങള്‍ നടത്തുകയും ചെയ്ത ഹാഥ്റസിലെ സേത് ഫൂല്‍ ചന്ദ് ബഗ്ല പിജി കോളേജിലെ ജോഗ്രഫി പ്രൊഫസറായ രജിനിഷ് കുമാര്‍ ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോപണം ഉയരുകയും വീഡിയോകള്‍ പുറത്ത് വരികയും ചെയ്തതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഒളിവില്‍പോയിരുന്നു.

ദേശീയ വനിതാ കമ്മിഷനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പീഡനത്തിനിരയായി ചില വിദ്യാര്‍ത്ഥിനികള്‍ അജ്ഞാത പരാതി അയച്ചിതിന് പിന്നാലെയാണ് 54 കാരനായ പ്രൊഫസറുടെ പ്രവൃത്തികള്‍ പുറത്തുവന്നത്. വിദ്യാര്‍ഥിനികളെ ഇയാള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പരാതി.

ALSO READ: മാറിടം സ്പര്‍ശിക്കുന്നതും വസ്ത്രം അഴിക്കുന്നതും ബലാത്സംഗശ്രമല്ലെന്ന് ഹൈക്കോടതി നിരീക്ഷണം; വിവാദം, വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷക; സുപ്രീം കോടതി ഇടപെട്ടേക്കും

ഒരു പെന്‍ഡ്രൈവും ബന്ധപ്പെട്ടവര്‍ക്ക് വിദ്യാര്‍ഥിനികള്‍ എത്തിച്ചു. അന്വേഷണത്തില്‍ ഇയാള്‍ വിദ്യാര്‍ഥികളെ ലൈഗികമായി ദുരുപയോഗം ചെയ്യുന്നതിന്റേതടക്കം 65 ഓളം വീഡിയോകള്‍ പോലീസ് കണ്ടെടുത്തു.

വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ തുടങ്ങി വര്‍ഷങ്ങളായെങ്കിലും കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ വീഡിയോകള്‍ പകര്‍ത്താന്‍ തുടങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു. എത്ര വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന് തിട്ടപ്പെടുത്താന്‍ ഇനിയും പോലീസിന് സാധിച്ചിട്ടില്ല.

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജിനിഷ് കൈക്കൂലി വാങ്ങുന്നതിനൊപ്പം ലൈംഗികാതിക്രമങ്ങള്‍ക്കായി നിര്‍ബന്ധിക്കാറുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

2009-ല്‍ ഇയാള്‍ക്ക് ഒരു വിദ്യാര്‍ഥിനിയുമായി ബന്ധമുണ്ടായിരുന്നു. ആ വിദ്യര്‍ഥിനിയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ വീഡിയോ വെബ്കാമില്‍ ചിത്രീകരിക്കപ്പെട്ടു. സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ക്യാമറ ഉപയോഗിക്കുന്ന ആശയം തന്നിലേക്ക് ഈ ഘട്ടത്തിലാണ് വന്നുചേര്‍ന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ലൈംഗിക പീഡനം റെക്കോര്‍ഡ് ചെയ്യുന്നതിന് രജിനിഷ് കുമാര്‍ പ്രത്യേക സോഫ്റ്റ്വെയര്‍ തന്റെ ലാപ്ടോപ്പിലും ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നുവെന്ന് ഹാഥ്റസ് എസ്പി ചിരഞ്ജീവ് നാഥ് സിന്‍ഹ പറഞ്ഞു. ക്യാമറ ഓണാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്‌ക്രീനില്‍ തെളിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. വിദ്യാര്‍ഥിനികള്‍ അറിയാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ലക്ഷ്യം.

ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും വീണ്ടും പീഡനങ്ങള്‍ നടത്തിയിരുന്നു. കോളേജിലെ പഠനം പൂര്‍ത്തിയാക്കിയവരെയും ഇത്തരത്തില്‍ ബ്ലാക്ക്മെയില്‍ ചെയ്ത് ലൈംഗിക ചൂഷണം നടത്തി. വിശ്വാസം നേടിയെടുക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞു.

1996-ല്‍ ഇയാള്‍ വിവാഹിതനാണെന്നും പങ്കാളി ഇപ്പോള്‍ കൂടെയുണ്ടോ എന്നത് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

2001-ലാണ് ഇയാള്‍ ബഗ്ലാ കോളേജില്‍ നിയമനം നേടിയത്. കഴിഞ്ഞ വര്‍ഷം ഇയാള്‍ ചീഫ് പ്രോക്ടറായി സ്ഥാനകയറ്റം നേടിയിരുന്നു. പകര്‍ത്തിയ വീഡിയോകള്‍ പ്രതി അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതായും പോലീസ് പറയുന്നു.