വാഷിംഗ്ടണ്‍: അമേരിക്കന്‍ നാവികസേനയുടെ ഏറ്റവും ആധുനികവും വിലകൂടിയതുമായ നിരീക്ഷണ ഡ്രോണ്‍ ‘MQ-4C ട്രൈറ്റണ്‍’ (MQ-4C Triton) ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ കാണാതായി. എമര്‍ജന്‍സി സന്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.
|
പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും മൂന്ന് മണിക്കൂര്‍ നീണ്ട നിരീക്ഷണം പൂര്‍ത്തിയാക്കി ഇറ്റലിയിലെ ബേസിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഓണ്‍ലൈന്‍ ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 (Flightradar24) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഇറാന്‍ ഭാഗത്തേക്ക് നേരിയ തോതില്‍ തിരിഞ്ഞ ഡ്രോണ്‍ പെട്ടെന്ന് ഉയരം കുറയുകയും അപ്രത്യക്ഷമാവുകയുമായിരുന്നു. ഇത് തകര്‍ന്നു വീണതാണോ അതോ ഇറാന്‍ വെടിവെച്ചിട്ടതാണോ എന്ന് വ്യക്തമല്ല.
എന്താണ് MQ-4C ട്രൈറ്റണ്‍?
ഏകദേശം 200 മില്യണ്‍ ഡോളറില്‍ അധികം (1600 കോടിയിലധികം രൂപ) വിലയുള്ളതാണ് ഈ അത്യാധുനിക ഡ്രോണ്‍. 50,000 അടിയിലധികം ഉയരത്തില്‍ പറന്ന് തുടര്‍ച്ചയായി 24 മണിക്കൂര്‍ നിരീക്ഷണം നടത്താന്‍ ഇതിന് സാധിക്കും. സമുദ്രമേഖലയിലെ തന്ത്രപ്രധാനമായ ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രധാനമായും ആശ്രയിക്കുന്നത് ഈ ഡ്രോണിനെയാണ്. നിലവില്‍ അമേരിക്കന്‍ നാവികസേനയുടെ പക്കല്‍ ഇത്തരം 20 ഡ്രോണുകളാണുള്ളത്.
അമ്പരപ്പിക്കുന്ന യുദ്ധചിലവ്
ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഓരോ സെക്കന്‍ഡിലും ചിലവാക്കുന്നത് ഏകദേശം 10,300 ഡോളറാണ് (ഏകദേശം 9.8 ലക്ഷം രൂപ). സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (SIPRI) കണക്കുകള്‍ പ്രകാരം പ്രതിദിനം ഏകദേശം 900 മില്യണ്‍ ഡോളറാണ് അമേരിക്കയുടെ യുദ്ധചിലവ്.
ചിലവുകളുടെ ഏകദേശ കണക്ക്
മിസൈലുകള്‍: പ്രതിദിനം 320 മില്യണ്‍ ഡോളര്‍ (36%).
വ്യോമ സേനാ നീക്കങ്ങള്‍: 245 മില്യണ്‍ ഡോളര്‍ (27.5%).
നാവിക സേനാ നീക്കങ്ങള്‍: 155 മില്യണ്‍ ഡോളര്‍.
മിസൈല്‍ പ്രതിരോധ സംവിധാനം : 95 മില്യണ്‍ ഡോളര്‍.
സൈബര്‍/ഇന്റലിജന്‍സ് ഓപ്പറേഷന്‍സ്: 45 മില്യണ്‍ ഡോളര്‍.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ ഡ്രോണ്‍ കാണാതായത് മേഖലയില്‍ വീണ്ടും ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാന്‍ ഇറാന്‍ സമ്മതിച്ച സാഹചര്യത്തില്‍ ഈ സംഭവം സമാധാന ചര്‍ച്ചകളെ ബാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.


