വാഷിങ്ടണ്‍: ഗസയിലെ ഹമാസ് മേധാവി യഹ്യാ സിന്‍വാറിനെ തപ്പിയുള്ള ഓട്ടത്തിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍. സിന്‍വാറിനെ എങ്ങിനെയെങ്കിലും പിടികൂടി ഇസ്രായേലിന് കൈമാറുകയും അങ്ങിനെ സമ്പൂര്‍ണ വിജയ പ്രഖ്യാപനം നടത്തി യുദ്ധം അവസാനിപ്പിക്കുകയും ചെയ്യാമെന്ന കണക്ക് കൂട്ടലിലാണ് ഇത്. (US focused on hunting down Hamas chief Yahya Sinwar, in bid to end Gaza war)
|
ഗസയിലെ മീറ്ററുകളോളം ആഴത്തിലുള്ള ഏതോ തുരങ്കത്തില്‍ ഒളിച്ചു കഴിയുന്നുവെന്ന് കരുതുന്ന 61 വയസ്സുള്ള സിന്‍വാറിനെ തേടി അമേരിക്ക കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ വ്യാപിപ്പിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. യുഎസ് ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്.
സിന്‍വാര്‍ ഈജിപ്തിലെ സിനായിലേക്കും അവിടെ നിന്ന് ലബ്‌നാനിലേക്കോ സിറിയയിലേക്കോ രക്ഷപ്പെടാനുള്ള സാധ്യതയാണ് അമേരിക്ക ഇപ്പോള്‍ പരിഗണിക്കുന്നത്. അതേസമയം, സിന്‍വാറിനെ തേടിയുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങളുടെ തിരച്ചില്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും പിറകിലാണെന്നാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

ഏകദേശം ഒരു മാസം മുമ്പ് സിന്‍വാര്‍ ഗസയിലെ ഏതോ തുരങ്കത്തില്‍ ഉണ്ടായിരുന്നു എന്ന വിവരം മാത്രമാണ് നിലവില്‍ അമേരിക്കയ്ക്ക് ഉള്ളത്. അതിന് ശേഷം അദ്ദേഹം എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച ഉരു ഊഹവുമില്ല. അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ മോശമായ അവസ്ഥയാണെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ബ്രൂസ് റീഡല്‍ പറഞ്ഞു. ഒരു മാസമായി വിവരമൊന്നും ലഭിച്ചിട്ടില്ല എന്നതിന് അര്‍ത്ഥം സിന്‍വാര്‍ നിലവില്‍ എവിടെയാണ് എന്ന വിവരത്തില്‍ നിന്ന് നമ്മള്‍ വളരെ അകലെയാണെന്നാണ്- നാല് അമേരിക്കന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായിരുന്ന റീഡല്‍ വ്യക്തമാക്കി.
സിന്‍വാര്‍ യുദ്ധമേഖലയില്‍ സന്ദര്‍ശനം നടത്തിയതായും വിദേശത്തുള്ള നേതാക്കളുമായി വിവരങ്ങള്‍ കൈമാറിയതായും കഴിഞ്ഞ മാസം ഹമാസ് വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ അവകാശപ്പെടുന്നതു പോലെ സിന്‍വാര്‍ മുഴുസമയവും തുരങ്കത്തില്‍ കഴിയുകയല്ല. നിര്‍ണായകമായ അവസരങ്ങളില്‍ യുദ്ധക്കളത്തിലെത്തി അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെന്നും ഹമാസ് നേതാക്കള്‍ പറഞ്ഞു.

2021ലെ വെളിപ്പെടുത്തല്‍ പ്രകാരം ഗസയില്‍ 310 മൈല്‍ നീളത്തില്‍ തുരങ്കങ്ങളുണ്ട്. സിനായ്ക്കും ഗസയ്ക്കുമിടയിലെ തുരങ്കങ്ങളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് ആണ്. സിറിയയിലെ കള്ളക്കടത്ത് ശൃംഖലുമായി മുഹമ്മദിന് അടുത്ത ബന്ധമുണ്ടെന്നും അത് സിന്‍വാറിന്റെ രക്ഷപ്പെടലിന് സഹായിച്ചിട്ടുണ്ടാവുമെന്നുമാണ് അമേരിക്ക കരുതുന്നത്.
നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നേതാക്കളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുള്ള കൃത്യമായ പദ്ധതികള്‍ ഹമാസിനുണ്ടെന്ന് സിഐഎയിലെ മുന്‍ മിഡില്‍ ഈസ്റ്റ് അനലിസ്റ്റ് വില്ല്യം അഷര്‍ പറഞ്ഞു. ലബ്‌നാനിലേക്കും സിറയയിലേക്കും ഇറാനിലേക്കു പോലും ശത്രുക്കളുടെ കണ്ണില്‍ പെടാതെ നേതാക്കളെ എത്തിക്കാന്‍ ഹമാസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് നേതാക്കളെ പിടിക്കാന്‍ ഇന്റലിജന്‍സ് സഹായം നല്‍കാമെന്നും പകരം റഫയിലേക്കുള്ള സൈനിക നീക്കം അവസാനിപ്പിക്കമെന്നും അമേരിക്ക ഇസ്രായേലിന് വാഗ്ദാനം നല്‍കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.
സിവിലിയന്‍ കൂട്ടക്കൊലകള്‍ ഒഴിവാക്കി അല്‍ ഖസ്സാം ബ്രിഗേഡ് നേതാവ് മുഹമ്മദ് ദെയ്ഫ്, യഹ്യാ സിന്‍വാര്‍ ഉള്‍പ്പെടെയുള്ള ഹമാസ് നേതാക്കളെ പിടികൂടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അമേരിക്കയുടെ ഉപദേശം.


