23
Jul 2023
Sat
23 Jul 2023 Sat

സിംബാബ്‌വേ ലീഗില്‍ യൂസുഫ് പത്താന്റെ ‘അഴിഞ്ഞാട്ടം’; 26 പന്തില്‍ 80 റണ്‍സ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരാരെ: സിംബാബ്‌വേ ക്രിക്കറ്റ് ലീഗില്‍ ഇന്ത്യയുടെ മുന്‍ ദേശീയ താരവും ഓള്‍റൗണ്ടറുമായ യൂസുഫ് പത്താന്റെ ‘അഴിഞ്ഞാട്ടം’. സിംബാബ്‌വേ ക്രിക്കറ്റ് ലീഗായ ‘സിം ആഫ്രോ ടി10’ല്‍ ആണ് യൂസുഫ് പത്താന്‍ തകര്‍ത്താടിയത്. മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ഉള്‍പ്പെടെയുള്ള ബൗളിങ്‌നിരയെ പത്താന്‍ തുടരെ ഗാലറിയിലേക്ക് പറത്തുകയുംചെയ്തു. ജോഹന്നാസ്ബര്‍ഗ് ബഫലോസിന്റെ താരമാണ് പത്താന്‍.

ലീഗിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ 26 പന്തില്‍ 80 റണ്‍സാണ് താരം അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍ ഖലന്ദേഴ്‌സ് ആന്‍ഡ്രെ ഫഌച്ചറുടെയും ആസിഫ് അലിയുടെയും നിക്ക് വെല്‍ഷിന്‍രെയും വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ 140 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിന്റെ കാമിയോയ്ക്കു ശേഷം ജോഹന്നാസ് ബര്‍ഗ് പതറിയെങ്കിലും പത്താന്‍ കളി തിരിച്ചുപിടിക്കുകയായിരുന്നു. ജയിക്കാന്‍ 18 പന്തില്‍ 64 റണ്‍സ് വേണ്ട സമയത്താണ് പത്താന്‍ കളിയുടെ ഗതി മാറ്റിയത്. എട്ടാം ഓവര്‍ എറിയാനെത്തിയത് മുഹമ്മദ് ആമിറിന്റെ ആദ്യ പന്ത് തന്നെ ഗാലറിയിലേക്ക് പറത്തി. അടുത്ത പന്തും ഗാലറിയില്‍. അടുത്തത് ഡോട്ട് ബൗള്‍. 6, വൈഡ്, 2, 4, എന്നിങ്ങനെയാണ് പിന്നീടുള്ള പന്തുകള്‍. ആ ഓവറില്‍ 25 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഈ വിജയത്തോടെ ടീം ഫൈനലിലുമെത്തി. അടുത്ത ഓവറില്‍ 19 റണ്‍സും എടുത്തു.

അവസാന ഓവറില്‍ 20 റണ്‍സ് ആണ് ജയിക്കാന്‍ വേണ്ടത്. ആദ്യ പന്തില്‍ തന്നെ സ്‌ട്രൈക്കില്‍ ഉണ്ടായിരുന്ന മുഷ്ഫിഖ്, പത്താന് സ്‌ട്രൈക്ക് കൈമാറി. ഈ ഓവറിലും ബാറ്റിങ് വിസ്‌ഫോടനമായിരുന്നു 6, 4, 6, 4.. ഒരു പന്ത് ബാക്കിനില്‍ക്കെ ടീമിന് വിജയവും. 26 പന്ത് നേരിട്ട് എട്ട് സിക്‌സറും അഞ്ച് ഫോറും സഹിതം 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പത്താന്‍ തന്നെയാണ് കളിയിലെ താരവും.