27
Aug 2024
Fri
27 Aug 2024 Fri

ഡെറാഡൂൺ: കൊൽക്കത്തയിൽ മെഡിക്കൽ കോളേജിലെ വനിത ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നതിൽ രാജ്യവ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കെ സമാന സംഭവം ഉത്തരാഖണ്ഡിലും. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ ധര്‍മേന്ദ്രയെ രാജസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 30നാണ് സംഭവം. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയ്ക്ക് സമീപമുള്ള വീട്ടിലേക്ക് പോകുന്നതിനിടെ യുവതിയെ കാണാതാവുകയായിരുന്നു. ഓഗസ്റ്റ് എട്ടിന് യുവതിയെ കാണാനില്ലെന്ന് കാട്ടി സഹോദരി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ദിബ്ദിബ ഗ്രാമത്തില്‍നിന്ന് ആണ് കണ്ടെത്തിയത്.

രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി, ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ബിലാസ്പുര്‍ കാശിപുര്‍ റോഡില്‍ വാടകയ്ക്കു താമസിക്കുകയാണ്. ഇവിടെനിന്ന് ഏകദേശം ഒന്നരകിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം ലഭിച്ചത്. യുവതിക്ക് 11 വയസ്സുള്ള മകളുമുണ്ട്.

സംഭവം നടന്ന അന്ന് ജോലിക്കുശേഷം ഇന്ദ്ര ചൗക്കില്‍നിന്നു യുവതി ഇ-റിക്ഷയില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം യുവതിയെ കാണാതാവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

നഴ്‌സിനെ ധര്‍മേന്ദ്ര പിന്തുടര്‍ന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയും ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ മൊബൈല്‍ ഫോണും പഴ്സില്‍നിന്ന് 3,000 രൂപയും മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു.

Uttarakhand nurse raped, murdered while returning from hospital