
തിരുവനന്തപുരം: ദുരിതാശ്വാസഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസിൽ മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് ഇതെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണിത്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാലത്തോളം അന്തിമ വിധിയുണ്ടാകാതിരിക്കാനാണ് ശ്രമം. അതല്ലെങ്കിൽ ഗവർണർ ലോകായുക്ത ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കുന്നതു വരെ വിധി നീട്ടിക്കൊണ്ടു പോകുംസതീശൻ പറഞ്ഞു.
മുഴുവൻ വാദവും പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്തിനായിരുന്നു ഈ ഒരു വർഷത്തെ കാലതാമസം തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകർക്കും. കെടി ജലീലിന്റെ ഭീഷണിയുടെ പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നും സതീശൻ പറഞ്ഞു.
കേസ് നിലനിൽക്കുമോ എന്ന സംശയത്തിലാണ് ഹർജി ഫുൾ ബെഞ്ചിന് വിടണമെന്ന് പറയുന്നത്. 2019ൽ അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും രണ്ട് ഉപ ലോകായുക്തമാരും ഒരുമിച്ചിരുന്ന് ഇവിടെ പരിഗണിക്കാമെന്ന് തീരുമാനമെടുത്ത കേസാണിത്. 2019ൽ ഇത്തരത്തിൽ തീരുമാനമെടുത്ത കേസ് നാലു വർഷങ്ങൾക്കിപ്പുറം 2023ൽ ഫുൾബെഞ്ചിലേക്കു പോകണമെന്ന വിധി വിസ്മയിപ്പിക്കുന്നതാണ്. ഫുൾ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ മെറിറ്റിൽ വാദം നടന്ന കേസാണിതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.