30
May 2023
Sat
30 May 2023 Sat

ജയ്പൂർ: സംഘ്പരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് പരസ്യമായി ആയുധ പരിശീലനം. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ആയുധ പരിശീലനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിഎച്ച്പിയുടെയും വനിതാ വിഭാഗമായ ദുർഗവാഹിനിയുടെയും നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടുനിന്ന പരിശീലനമാണ് നടന്നത്. ദേശീയ മാധ്യമമായ ‘എബിപി ലൈവ്’ ആണ് പരിശീലന ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോധ്പൂരിലെ സരസ്വതി വിദ്യാമന്ദിരത്തിലായിരുന്നു പരിശീലനം. തോക്കും വടികളും ചുരികയും ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രയോഗിക്കാനുള്ള പരിശീലനമാണ് പെൺകുട്ടികൾക്കും യുവതികൾക്കും നൽകിയത്. കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകളും പരിശീലിപ്പിച്ചു. 200ലേറെ പെൺകുട്ടികൾ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. പരസ്യമായ ആയുധപരിശീലനത്തിൽ പൊലീസ് ഇതുവരെ കേസെടുക്കാത്തതിൽ വിമർശനം ശക്തമായിട്ടുണ്ട്.

അതേസമയം, പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനമാണ് നൽകുന്നതെന്നാണ് ദുർഗവാഹിനി പ്രാന്ത് സേവക് സൻയോജക കുസും ധവാനിയുടെ വാദം. ആത്മസുരക്ഷയ്‌ക്കൊപ്പം ബൗദ്ധികവും മാനസികവുമായ ശാരീരിക വികാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാന്ത വിഭാഗത്തിൽനിന്നുള്ള പെൺകുട്ടികളാണ് പരിശീലനത്തിന്റെ ഭാഗമായതെന്നും കുസും അവകാശപ്പെട്ടു.

ഇതിനു മുൻപും ദുർഗവാഹിനി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആയുധ പരിശീലനം നടത്തിയത് വലിയ വിവാദമായിരുന്നു. അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടന്ന പരിശീലനങ്ങളുടെ വിഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ഈ സംഭവങ്ങളിലും കേസെടുക്കാൻ അധികൃതർ തയാറായിരുന്നില്ല.