CBI enquiry against VD Satheeshan തിരുവനന്തപുരം: വിദേശ ഫണ്ട് ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനര്‍ജ്ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. ഒരു വര്‍ഷം മുമ്പ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് ശുപാര്‍ശ ചെയ്തത്.
|
എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
എഫ്‌സിആര്‍എ നിയമം, 2010ലെ സെക്ഷന്‍ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണം. അതോടൊപ്പം കേരള നിയമസഭയുടെ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം 2ലെ റൂള്‍ 41 പ്രകാരം നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ പുനര്‍ജ്ജനി പദ്ധതിക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയില്‍ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളില്‍ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലന്‍സസിന്റെ കണ്ടെത്തല്‍.
യുകെ ആസ്ഥാനമായുള്ള മിഡ്ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാന്‍ 500 പൗണ്ട് വീതം നല്‍കണമെന്ന് വി ഡി സതീശന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ തെളിവായി വിജിലന്‍സ് പരിശോധിച്ചിട്ടുണ്ട്.
രാഷ്ട്രീയമായി നേരിടുമെന്ന് വിഡി സതീശന്‍
തനിക്കെതിരായ സര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് വിഡി സതീശന്‍. ഒരു വര്‍ഷം മുന്‍പത്തെ ശുപാര്‍ശയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനില്‍ക്കുന്നതല്ലെന്ന് അന്ന് വിജിലന്‍സ് തന്നെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു.
അതേ സമയം, പ്രതിപക്ഷ നേതാവിനെതിരായ കേസില്‍ പ്രതികരിച്ച് കെ സുധാകരന്‍. ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും കേസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്നും കെ സുധാകരന്‍ പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത് തെരഞ്ഞെടുപ്പിലെ ചെപ്പടിവിദ്യ ആണെന്നായിരുന്നു കെസി വേണുഗോപാല്‍ എംപിയുടെ പ്രതികരണം. മോദിയെ സുഖിപ്പിച്ച് എങ്ങനെ ഭരണം നിലനിര്‍ത്താം എന്നാണ് നോക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സിബിഐ അന്വേഷിക്കേണ്ടത് ആണോ എന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യട്ടെയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സിബിഐയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് നിലപാടുണ്ട്. ഒരു സാഹചര്യത്തിലും സിബിഐ അന്വേഷണം വേണ്ട എന്ന നിലപാട് സിപിഎം എടുത്തിട്ടില്ല. സാഹചര്യത്തെ അടിസ്ഥാനമാക്കിയേ പറയാന്‍ കഴിയൂ. കൂടുതല്‍ ആ വിഷയത്തില്‍ സംസാരിക്കുന്നത് എനിക്കും നിങ്ങള്‍ക്കും നല്ലതല്ല എന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.


