ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയുടെ പേരിലെ ഗാന്ധി എന്നത് മഹാത്മാ ഗാന്ധിയുടെ പേരിലെ ഗാന്ധി കടംകൊണ്ടതാണെന്ന പ്രചാരണം സംഘപരിവാരം നാളുകളായി ഉയർത്തിവരുന്ന കാര്യമാണ്. ഫിറോസ് ഗാന്ധിയുടെ പേര് യഥാർഥത്തിൽ ഫിറോസ് ഖാൻ ആണെന്ന പ്രചാരണവും ഇക്കൂട്ടർ നടത്തിവരുന്നുണ്ട്. ഇന്ധിരാ കുടുംബം നെഹ്രുവിന്റെ പേര് ഒപ്പം ചേർക്കാതെ ഗാന്ധിയുടെ പേര് വാലായി കൊണ്ടുനടക്കുകയാണെന്ന പരിഹാസവും ഉയർത്തിവരുന്നുണ്ട്. ആരായിരുന്നു ഫിറോസ് ഗാന്ധിയെന്നും അദ്ദേഹത്തിന്റെ പേരിലെ ഗാന്ധി എങ്ങനെ വന്നുവെന്നും ചരിത്രരേഖകളെ ആസ്പദമാക്കി ചരിത്രകാരനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അശോക് കുമാർ പാണ്ഡേ തയ്യാറാക്കിയ യുട്യൂബ് വീഡിയോയുടെ പരിഭാഷ വായിക്കാം. കേരള ആരോഗ്യ സർവീസിൽ നിന്ന് വിരമിച്ച ഡപ്യൂട്ടി ഡയറക്ടറും ഓർത്തോപീഡിഷ്യനുമായ മാധവ ഭദ്രൻ ആണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്.
|
ഫിറോസ് ഗാന്ധി അതായത് ഇന്ദിര ഗാന്ധിയുടെ ഭർത്താവ്, രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടേയും പിതാവ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, വരുൺ ഗാന്ധി തുടങ്ങിയവരുടെ മുത്തച്ഛൻ. അതു മാത്രമല്ല, ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി. റായ് ബറേലിയിലെ എംപി. ഇന്ത്യൻ എക്‌സ്‌പ്രസ്സിലെ പത്രാധിപൻ. അതിനുമുപരി ശാന്തശീലനായ ഒരു പാർല്യമന്റേറിയൻ. ബന്ധുവായ പ്രധാനമന്ത്രി നെഹ്രുവിന്റെ മന്ത്രിസഭയിലെ കോൺഗ്രസ്സ് അംഗം ആയിരിക്കേ നെഹ്രുവിനെ വിമർശിക്കുക വരെ ചെയ്ത വ്യക്തി. പുള്ളിക്കാരനെച്ചൊലി വളരെയധികം കഥകളും തമാശകളും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
എല്ലാം പറയുന്നില്ല. എങ്കിലും സാഹബിന്റെ സർനേമിനെച്ചൊല്ലി പലർക്കും വിഷമങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഇവിടെ ഒരാൾ മറ്റൊരാളെ പരിചയപ്പെടുമ്പോൾ പേര് ചോദിക്കുന്നു. അശോക് എന്നു പേര് പറയുമ്പോൾ കണ്ണുകളിൽ ചോദ്യചിഹ്നം. അശോകിനു ശേഷം എന്താണ്? അശോക് കുമാർ പാണ്ഡേ ആണോ, അശോക് കുമാർ ശർമ ആണോ, അശോക് കുമാർ യാദവ് ആണോ, അശോക് കുമാർ ചൗഹാനാണോ, അശോക് കുമാർ ഭാരതിയാണോ എന്ന് ഞാൻ പറയാത്തെടുത്തോളം അവരുടെ കണ്ണുകളിലെ ആ ചോദ്യചിഹ്നം മായുകയില്ല. ‘ജാതി ഹൈ തോ ജാത്തേനഹീം’ എന്നു തന്നെ ചൊല്ലുണ്ട്. ഏത് ജാതിയാണ്, ഏത് ധർമമാണ് എന്നിവയില്ലാതെ ഇവിടെ കഴിയാനേ പറ്റില്ല. അപ്പോപ്പിന്നെ ഫിറോസ് ഗാന്ധിയുടെ രണ്ടാം സർനേം എടുത്ത് വീണ്ടും വീണ്ടും തമാശകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രണ്ട് തരം പരാമർശ്ശങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഒരിടത്ത് ഭക്തർ, ആർഎസ്സെസ്സുകാർ, ഹിന്ദുമഹാസഭയുമായി ബന്ധപ്പെട്ട ആളുകൾ ഉണ്ട്. ഭാരതീയ ജനതാപാർട്ടിയുമായി ബന്ധമുള്ളവരുണ്ട്. അവരുടെ തന്നെ ആളുകൾ ഉണ്ട്. ഒരു വേള നിങ്ങളും കേട്ടിട്ടുണ്ടാവും അങ്ങേരുടെ പേര് ഫിറോസ് ഖാൻ എന്നായിരുന്നെന്ന്. വ്യംഗാർഥം എന്തെന്നാൽ പുള്ളി മുസൽമാൻ ആയിരുന്നു എന്ന്. എന്തോ… മുസൽമാനാവുന്നത് എന്തോ കുറ്റം ആണെന്ന്.
മറുവശത്ത് ലിബറൽ ആയ ആളുകളുണ്ട്. സാക്ഷരരായ കൂട്ടർ. എന്തൊക്കെ പഠിച്ചിട്ടുണ്ടെന്നെനിക്കറിയില്ല. അത്തരം അഭ്യസ്ഥവിദ്യർ പറയുന്നത് അയാൾ ഫിറോസ് ഖാണ്ടി ആയിരുന്നു എന്ന്. G H A N D I ആയിരുന്നുവെന്നും മഹാത്മഗാന്ധി തന്റെ സർനേം ഉപയോഗിച്ചുകൊള്ളാൻ അനുവാദം നൽകിയിരുന്നുവെന്നും!! എന്നിട്ട് ഫിറോസ് ഗാണ്ടി എന്നെഴുതുന്നതിൽ പുള്ളിക്കാരന് നാണക്കേടായിരുന്നതിനാൽ ഗാന്ധി എന്നെഴുതിത്തുടങ്ങിയിരുന്നു എന്നും.
ഏറ്റവും രസകരമായ കാര്യം എന്താണെന്നു വച്ചാൽ സോഷ്യൽ മീഡിയ മാത്രമല്ല, വിക്കിപ്പീഡിയ മുതൽ സർവമാന പത്രമാധ്യമങ്ങളിലേയും ലേഖനങ്ങളിൽ പോലും ഈ തീയറി പെരുപ്പിച്ചു കൊഴുപ്പിച്ചുകൊണ്ടേ ഇരുന്നു. അതിനു കാരണം ഇവിടെ റിസേർച്ച് ചെയ്യുന്ന കാര്യത്തിൽ ആർക്കും താല്പര്യമുണ്ടായിരുന്നില്ല.ഒരു ലിബറൽ എന്തേലും പറഞ്ഞാൽ എല്ലാവിധ ലിബറലുകളും അതു തന്നെ പറഞ്ഞോണ്ടിരുന്നോളും. ഏതെങ്കിലും പൊതുപ്രവർത്തകൻ പറഞ്ഞാൽ എല്ലാ പൊതുപ്രവർത്തകരും അതു തന്നെ പറഞ്ഞോണ്ടിരുന്നോളും! ഈപ്പറഞ്ഞ ഖാനും ഗാണ്ടിയും അങ്ങനങ്ങനെ പ്രചരിച്ചുകൊണ്ടേയിരിക്കും.
കുറച്ചു ദിവസം മുമ്പ് ഇതിൽ എനിക്ക് താല്പര്യം വന്നു. ഒന്നു നോക്കണമല്ലോ എന്നു കരുതി പല വെബ്‌സ്സൈറ്റുകളും പരതി. പാർസി സർനേം ഒരുമിച്ചു കാണാവുന്ന ഒരു വെബ്‌സൈറ്റ്. അവിടെ പാർസികൾക്ക് ഗാന്ധി എന്ന സർനേം കണ്ടു. എന്നാൽ ഖാണ്ടി എന്ന പേരുള്ള ഒരൊറ്റ പാർസിയേയും ലഭിച്ചില്ല. ബൊംബൈയിലെ കുറച്ച് പാർസി സുഹൃത്തുക്കളുമായി സംസാരിച്ചു. ഞങ്ങൾക്കിടയിൽ ഖാണ്ടി എന്ന പേര് ഒരിക്കലും കേട്ടിട്ടില്ല. ഗാന്ധി എന്ന പേരിൽ ധാരാളം പാർസികൾ ഉണ്ട് താനും. ഈ ഗാന്ധി എന്ന പേര് പാർസികൾക്കിടയിൽ വളരെ പ്രചാരമുള്ള പേരാണ്.
ഒരു പേര് ഞാൻ പറയാം. ദീനാ പാഠക് എന്ന പേര് നിങ്ങൾ കേട്ടിട്ടുണ്ടോ? രത്നാപാഠക് ഷായുടെ അമ്മയായ ദീനാ പാഠക്. ഹിന്ദി സിനിമകളിൽ അമ്മയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളവർ. ഒരു സൂചന ലഭിച്ചതിൽ അവരുടെ കാര്യം ഞാൻ തിരക്കിത്തുടങ്ങി. വിവാഹത്തിനു മുമ്പ് അവരുടെ പേര് ദീന ഗാന്ധി എന്നായിരുന്നു. മാത്രമല്ല ദീന ഗാന്ധി ഒരു പാർസി ആയിരുന്നു. അതിനു ശേഷം അവരുടെ ചേട്ടത്തിയുടെ കാര്യം ശ്രദ്ധയിൽ എത്തി. ശാന്ത ഗാന്ധി. അവർ ലണ്ടനിൽ നിന്നും മെഡിക്കൽ പഠിച്ചിരുന്നു. ശിഷ്ട ജീവിതം അവർ നാടകത്തിനു വേണ്ടി ഉഴിഞ്ഞു വച്ചു. അവർ ഫിറോസ് ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും വളരെ അടുത്ത സുഹൃത്തായിരുന്നു. ബോംബേയിൽ ആയിരുന്നു. ഇവർ മൂന്നു പേരും ലണ്ടനിൽ പഠിക്കുന്ന കാലത്ത് ഒരുമിച്ചായിരുന്നു എന്ന് രേഖകളിൽ കാണാം. അപ്പോ ശാന്ത ഗാന്ധിയും പാർസി ആയിരുന്നു.
അതിനു ശേഷം ഫിറോസ് ഗാന്ധിയുടെ കാര്യം അന്വേഷിക്കുന്ന കൂട്ടത്തിൽ കുറച്ചു പുസ്തകങ്ങൾ കൂടി പരിശോധിച്ചു. അതിൽ ശ്രദ്ധേയമായ ഒരു പുസ്‌തകം ഞാൻ നിങ്ങളെ കാണിക്കാൻ കൊണ്ടുവരുന്നു. അവയിൽ 40 വർഷത്തെ റിച്ചർച്ചിനു ശേഷം പ്രസിദ്ധപ്പെടുത്തിയ ജർമൻ എഴുത്തുകാരനായ ബർട്ടിൽ ഫാക്കിന്റെ “ഫിറോസ് ദീ ഫർഗോട്ടൺ ഗാന്ധി” എന്ന പുസ്‌തകം. ഇദ്ദേഹം രാഷ്‌ട്രീയ പാർട്ടിയിലെ മെമ്പറോ ഇന്ത്യക്കാരനോ ആയിരുന്നില്ല. അയാൾ ഒരു പത്രാധിപർ ആയിരുന്നു. ഭാരതത്തെപ്പറ്റി താല്പര്യപ്പെട്ട് 1977-ൽ ഇന്ത്യയിലെത്തി ഇന്ദിര ഗാന്ധിയുമായ ഒരു അഭിമുഖസംഭാഷണം നടത്തിയ കൂട്ടത്തിൽ ഫിറോസ് ഗാന്ധിയെപ്പറ്റി തിരക്കി. അങ്ങനെ ഫിറോസ് ഗാന്ധിയെപ്പറ്റി ഒരു ലേഖനം എഴുതണം എന്നു തീരുമാനിച്ചു.
ഇതിനായി അയാൾ റിസേർച്ചിന്റെ ഭാഗമായി പലരുമായി സംസാരിച്ചു. ഫിറോസ് ഗാന്ധിയുടെ മിത്രങ്ങൾ പലരേയും അഭിമുഖീകരിച്ചു. അവർക്കെല്ലാം ഇന്ദിര ഗാന്ധിയെ വളരെ അടുത്തറിയാമായിരുന്നു. അങ്ങനെ ഫിറോസ് ഗാന്ധിയെ അടുത്തറിയാവുന്ന പലരുമായി സംസാരിച്ചു. ഫിറോസ് ഗാന്ധിയുടെ മിത്രങ്ങളുമായി സംസാരിച്ചു. ഫിറോസ് ഗാന്ധി മത്സരിച്ചിരുന്ന തിരഞ്ഞൊടുപ്പു മണ്ഡലം ആയ റായ്‌ബറേലിയിലേക്ക് പോയി. അവിടെ ഫിറോസ് ഗാന്ധി വളരെ അധികം പ്രവത്തികൾ ചെയ്‌തിരുന്നു. ഫിറോസ് ഗാന്ധിയുടെ പേരിൽ അവിടെ ഒരു കോളേജ് കൂടി ഉണ്ട്. ഫിറോസ് ഗാന്ധിയുടെ ജീവിതാരംഭത്തെപ്പറ്റി എഴുതിയിരുന്ന വ്യക്തിയെ കണ്ടുമുട്ടി. കൂറച്ചു വിവരങ്ങൾ ശേഖരിച്ചു. അതിനു ശേഷം ഫിറോസ് ഗാന്ധിയുടെ ചേടത്തിയെ കണ്ടു. പുള്ളിയുടെ സഹോദരനെ കണ്ടുമുട്ടി. അങ്ങനെ ഫിറോസ് ഗാന്ധിയെ അടുത്തറിയാമായിരുന്ന വളരെ അധികം ആളുകളെ കണ്ടുമുട്ടി.
അതിനു ശേഷം അദ്ദേഹം വളരെ നല്ല ഒരു ജീവിതകഥ എഴുതി. “ഫിറോസ് ദി ഫർഗോട്ടൺ ഗാന്ധി”. ഈ റോലി ബുക്‌സ് പ്രസിദ്ധീകരണം ആമസോണിൽ എളുപ്പത്തിൽ ലഭ്യമാണ്. വളരെ ഹൃദയഹാരിയായ കുറേ വിശേഷങ്ങൾ ഈ പുസ്‌തകത്തിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. താല്പര്യമുണർത്തുന്ന വളരെയധികം കാര്യങ്ങൾ ഈ പുസ്‌തകത്തിൽ എഴുതിയിട്ടുണ്ട്. ഫിറോസ് ഗാന്ധിയുടെ ജനനം, ബാല്യകാലം, സർനേം തുടങ്ങി വളരെ അധികം വിവരണങ്ങൾ ഉണ്ട്. മഹോത്തരമായ ആ കാര്യങ്ങളെപ്പറ്റി ഞാൻ പറയാം.
ഇതിലെ ആദ്യ ഖണ്ഡികയിൽ “കോൺട്രോവേർസീസ് ആന്റ് ഫിറോസ് ഗാന്ധീസ് ഒറിജിൻ” അദ്ദേഹം എഴുതുന്നു “ഫിറോസ് ജഹാംഗീർ ഗാന്ധി ഇസ് സെഡ് ടു ഹാവ് ബീൻ ബോൺ ഓൺ ട്വൽത് സെപ്‌തംബർ 1912 ആട് ദി തെഹ്‌മുൽജി നരിമൻ പാർസി ലൈങ്ങിൻ ഹോസ്‌പിറ്റൽ എ മറ്റേർണിറ്റി ഹോസ്‌പിറ്റൽ ഇൻ ദി കോസ്‌മോപോളിറ്റൻ ഫോർട്ട് ഏരിയ ഓഫ് ബോംബേ, നൗ കോൾഡ് മുംബൈ.” അതായത് 1912 സെപ്‌തംബർ 12-ന് തെഹ്‌മുൽജി നരിമൻ പാർസി ലൈങ്ങിൻ ഹോസ്‌പിറ്റൽ എ മറ്റേണിറ്റി ഹോസ്‌പിറ്റലിൽ ആയിരുന്നു ഫിറോസ് ഗാന്ധിയുടെ ജനനം. അതിനു ശേഷം അദ്ദേഹം എഴുതുന്നു “ഹിസ് ഫാദർ വാസ് ജഹാൻഗീർ ഫരേദൂൻ ഗാന്ധി ഫ്രം ഫരൂസ്” എന്നു വച്ചാൽ ഈ ഗാന്ധി എന്ന സർനേം പിതാവിന്റെ പേരിനൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ പേര് രത്തിമയൂൺ. വിവാഹത്തിനു മുമ്പ് അവരുടെ പേര് കമിശ്രി എന്നായിരുന്നു. ഇവിടങ്ങളിൽ വിവാഹത്തിനു ശേഷം ഭർത്താവിന്റെ സർനേം സ്ത്രീകൾ ഉപയോഗിക്കുന്നതു പോലെ.
ഇനിയിപ്പോ നിങ്ങൾ പറയും ആരോ ഏതോ പുസ്‌തകം എഴുതി എന്നത് എങ്ങനെ തെളിവായി സ്വീകരിക്കും എന്ന്.
പുസ്‌തകം എഴുതിയ പത്രാധിപർ ബെർട്ടിൽ ഫാക്ക് ഇപ്പോഴത്തെ ടിവി അവതാരകരെ പോലെ വാട്‌സാപ്പ് യൂനിവേഴ്സിറ്റിയിൽ നിന്നും അല്ല വിവരം ശേഖരിച്ചിരുന്നത്. അദ്ദേഹം പ്രഗത്ഭനായൊരു റിസേച്ചർ ആയിരുന്നു. വ്യക്തമായ റിസർച്ച് ചെയ്‌തിരുന്നു ഈ പുസ്‌തകം എഴുതുവാൻ വേണ്ടി.
അങ്ങനെ അന്വേഷിച്ചന്വേഷിച്ച് പുള്ളിക്കാരന് ഫിറോസ് ഗാന്ധിയുടെ ജനന സർട്ടിഫിക്കറ്റ് വരെ ലഭിച്ചു. ഫിറോസ് ഗാന്ധി ആശുപത്രിയിലാണ് ജനിച്ചത്. അവിടെ ഉണ്ടായിരുന്ന ജനനവിവരങ്ങൾ കൂടി അദ്ദേഹത്തിനു ലഭിച്ചു. ഈ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരുണ്ടായിരുന്നിടത്ത് ഖാണ്ടി എന്നോ, ഖാൻ എന്നോ രേഖപ്പെടുത്തിയിരുന്നില്ല. മറിച്ച് ഗാന്ധി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതിന്റെ സ്പെല്ലിംഗ് Gandhy എന്നതിൽ i അല്ല y എന്നായിരുന്നു. ഗാന്ധി എന്ന പേര് i എന്നോ y എന്നോ ആകാവുന്നതാണ്. എന്റെ പേര് പാണ്ഡേ എന്നാണേലും ചിലർ pande എന്നെഴുതും ഞാൻ pandey എന്നെഴുതുന്നു. അയ്യരുടെ സ്പെല്ലിംഗ് ചിലർ Ayar എന്നെഴുതും, ചിലർ Ayyar എന്നെഴുതും. സർട്ടിഫിക്കറ്റ് എഴുതിയ ആൾ i-യ്‌ക്കു പകരം y എഴുതിയതാവാമെങ്കിലും അത് ഖാണ്ടി എന്ന് വായിക്കുവാൻ പറ്റില്ല. ഇത് ഗാന്ധി എന്ന് തന്നെയാണ്.
ഫിറോസ് ഗാന്ധിയുടെ പിതാവിനെപ്പറ്റി വേറേയും വിവരങ്ങൾ ലഭ്യമാണ്. ആദ്ദേഹത്തിന്റെ പിതാവ് മറൈൻ എഞ്ചിനീയർ ആയിരുന്നു. തന്റെ മാതാപിതാക്കളുടെ സന്തതികളിൽ ഏറ്റവും ഇളയവൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ അമ്മായി ഒരു ഡോക്ടർ ആയിരുന്നു. അലഹബാദിലായിരുന്നു താമസിച്ചിരുന്നത്. ഒരു ഡോക്ടർ മാത്രമായിരുന്നില്ല. ബാവൻ ജില്ലയിലെ മെഡിക്കൽ സംവിധാനങ്ങളുടെ ഇൻചാർജ് കൂടി ആയിരുന്നു. പ്രഗത്ഭ ആയിരുന്നു. ഫിറോസ് ഗാന്ധിക്ക് 7 വയസ്സായിരുന്നപ്പോൾ എടുത്തു വളർത്തി. അങ്ങനെ ഫിറോസ് ഗാന്ധി ബോംബെയിൽ നിന്നു അലഹബാദിൽ എത്തി. ബാല്യകാലവും സ്‌കൂൾ കോളജ് വിദ്യാഭ്യാസവും അങ്ങനെ അലഹബാദിൽ ആയിരുന്നു. അവിടെ വച്ച് കമലാ നെഹ്രുവിനെയും ജവഹർലാൽ നെഹ്രുവിനെയും കണ്ടുമുട്ടുന്നു. അങ്ങനെ 1942 മുതൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു തുടങ്ങുന്നു.
ഈ പുസ്തകത്തിൽ പറയുന്ന മറ്റൊരു കാര്യം സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഫിറോസ് ഗാന്ധി സ്‌കൂളീൽ വച്ച് സ്‌കൗട്‌സിൽ ചേർന്നു എന്ന്. അവിടെ ഉണ്ടായിരുന്ന സ്‌കൗട്‌സ് മാസ്റ്റർ കേശവദേവ് മാൽവീർ ആയിരുന്നു. അധവാ കെ ഡി മാർവീർ സാഹബ്. അദ്ദേഹം പിന്നീട് വളരെ വലിയ ഒരു നേതാവായി. ജവഹർ ലാൽ നെഹ്രുവിന്റെ മന്ത്രിസഭയിലെ അംഗം ആയിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു. കെഡി വീർ കൂടി പറഞ്ഞിരുന്നു ചെറുപ്പം മുതലേ ഫിറോസിന്റെ പേര് ഫിറോസ് ഗാന്ധി എന്നു തന്നെ ആയിരുന്നു. ഏതോ ഖാൻ എന്നോ ഖാണ്ടി എന്നോ ആയിരുന്നില്ല. ചെറുപ്പം മുതലേ ഫിറോസ് ഗാന്ധി എന്നു തന്നെ ആയിരുന്നു പേര്.
1933-ൽ ഫിറോസിനെ അറസ്റ്റ് ചെയ്തു എന്ന വാർത്തയിൽ പത്രത്തിൽ പേര് കൊടുത്തിരുന്നത് ഫിറോസ് ഗാന്ധി എന്നു തന്നെ ആയിരുന്നു. തന്റെ കൂടെ എന്റയർ പൊളിറ്റിക്കൽ സയൻസ് പഠിച്ച സഹപാഠികളെയോ അധ്യപകരെയോ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് ഫിറോസ് ഗാന്ധിയുടെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യസമരസേനാനിയും ജനസമ്മതനും ആയിരുന്നു ഫിറോസ് ഗാന്ധി. ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള സുഹൃത്തുക്കളിൽ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന ഒരു സുഹൃത്തായിരുന്നു ലാൽ ബഹാദൂർ ശാസ്‌ത്രി.
ലാൽ ബഹാദൂർ ശാസ്ത്രിയും ഫിറോസ് ഗാന്ധിയും തമ്മിൽ വളരെ അടുത്ത സൗഹൃദബന്ധം ഉണ്ടായിരുന്നു. 48ാമത്തെ വയസ്സിൽ ഹൃദയസ്‌തംഭനം മൂലം ഫിറോസ് ഗാന്ധി മരിക്കുമ്പോൾ നെഹ്രുവിന്റെ മാനസികസംഘർഷം മനസ്സിലാക്കി ലാൽ ബഹാദൂർ ശാസ്‌ത്രി അടുത്തു തന്നെ ഉണ്ടായിരുന്നു. നെഹ്രു ശാസ്‌ത്രിയോട് പറഞ്ഞിരുന്നു ഞാൻ പല പ്രാവശ്യം ഫിറോസ് ഗാന്ധിയോട് പറഞ്ഞിരുന്നു തന്റെ ആരോഗ്യത്തെപ്പറ്റി ബോധവാനാകാൻ, സിഗററ്റ് വലിക്കാതിരിക്കുക, വിശ്രമം എടുക്കുക, സമത്തിന് ഉറങ്ങുക എന്നൊക്കെ. പക്ഷെ അതൊന്നും അദ്ദേഹം ചെവിക്കൊണ്ടില്ല. എന്നിട്ട് ഇത്ര ചെറുപ്പത്തിൽതന്നെ യാത്ര പറഞ്ഞു. ഹൃദ്രോഗി ആയ നിങ്ങളും രാത്രി 2 മണിവരെ പണി എടുക്കുന്നു. ബ്ലഡ് പ്രഷർ കൂടുന്നു. നിങ്ങളെ ഓർത്തു ഞാൻ ചിന്താവിഷ്ടനാണ്. സ്വയം ശ്രദ്ധിക്കുക. വളരെ ചിന്താവിഷ്ടനായി ശാസ്‌ത്രി തന്റെ ജോലിസ്ഥലത്തെത്തി. അവിടെയുള്ളവരുമായി സംസാരിച്ചു അദ്ദേഹം.
ആട്ടെ. ലാൽ ബഹാദൂർ ശാസ്ത്രിയും ഫിറോസിനെ ബാല്യകാലം മുതൽ അറിയാമായിരുന്നു. സ്വാതന്ത്ര്യസമരവുമായി രണ്ടു പേരും തമ്മിൽത്തമ്മിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹവും ഫിറോസിനെ ഫിറോസ് ഗാന്ധി എന്നു തന്നെ ആയിരുന്നു പരാമർശിച്ചിരുന്നത്.
അതായത് ഫിറോസ് ഗാന്ധിയുമായി ബന്ധപ്പെട്ടവരുമായി ചരിത്രം അന്വേഷിക്കുമ്പോൾ നിങ്ങൾക്കു മനസ്സിലാവും പുള്ളിക്കാരൻ മുസ്ലീം ആയിരുന്നില്ല എന്നതിനാൽ ഖാൻ എന്ന പ്രയോഗവും ഈ ഖാണ്ടി എന്ന പ്രയോഗം മണ്ടത്തരമാണെന്ന്. ലണ്ടൻ സ്‌കൂൾ ഒഫ് എക്കണോമിക്‌സിൽ നിന്നും പഠനശേഷം ഇന്ത്യയിൽ എത്തി ഇന്ദിരയുമായുള്ള വിവാഹത്തിന് തീരുമാനം എടുത്തപ്പോൾ ഗാണ്ടി എന്ന നാമം ഉപേക്ഷിച്ച് എന്റെ പേരിലെ ഗാന്ധി എന്ന നാമം സ്വീകരിച്ചോളു എന്ന് മഹാത്മാഗാന്ധി പറഞ്ഞു എന്ന കഥ പറയുമ്പോൾ നാമൊന്നു മനസ്സിലാക്കണ്ടേ അങ്ങനെയെങ്കിൽ അതിനു മുമ്പ് അദ്ദേഹത്തിന്റെ പേര് ഖാണ്ടി എന്നാവേണ്ടതല്ലേ?
എന്നാൽ കോളജിലെ റെക്കോർഡിലോ സ്‌കൗട്‌സിലെ റെക്കോർഡിലോ പത്രവാർത്തകളിലോ എങ്ങും തന്നെ അങ്ങേരുടെ പേര് ഫിറോസ് ഖാണ്ടി എന്ന് ഒരിക്കലും ആയിരുന്നില്ല. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ ഫിറോസ് ഗാന്ധി എന്നായിരുന്നു. അതിനു മുമ്പുള്ള എല്ലാ രേഖകളിലും ഫിറോസ് ഗാന്ധി എന്നായിരുന്നു. അതോണ്ട് തന്നെ മഹാത്മാ ഗാന്ധി തന്റെ സർനേം ഫിറോസിനു ദാനം ചെയ്‌തിരുന്നു എന്ന കഥയും, സ്വന്തം പേരിനെന്തോ കുഴപ്പം തോന്നിയിരുന്നു എന്നും, ഖാണ്ടി എന്ന പേര് ഫിറോസ് ഗാന്ധിക്ക് സ്വയം അപമാനം ആയി തോന്നിയിരുന്നുവെന്നും ഉള്ളവ തീയറികൾ വെറും കെട്ടുകഥകൾ ആയിരുന്നു. ഇവയെല്ലാം പ്രചിരിപ്പിക്കുന്നതിനു പിന്നിലുള്ള ചേതോവികാരം ഫിറോസിന് തന്റെ സ്വന്തം പേര് ഉപയോഗിക്കുന്നതിൽ ലജ്ജ തോന്നിയിരുന്നു എന്നു വരുത്തിത്തീർക്കാനായിരുന്നു.
ഇത് ഏതോ വികലമനസ്സിന്നുടമയുടെ വികൃതിയാണെന്നെനിക്കറിയാം പക്ഷെ അത് ഉടലെടുത്തത് എവിടെ നിന്നും ആണെന്ന് എനിക്കറിയില്ല. ഈ ഖാൻ എന്ന പേര് പോലെ തന്നെ. ചരിത്രം പറയുന്നവ സത്യം രേഖകൾ പരിശോധിച്ചാലും, ജനനസർട്ടിഫിക്കറ്റ് പരിശോധിച്ചാലും ലഭ്യമാണ്. ജനിച്ച നാൾ മുതൽ അദ്ദേഹം ഫിറോസ് ഗാന്ധി ആയിരുന്നു. അദ്ദേഹത്തിന്റെ ജേഷ്ടന്റെ പേരിലും ഗാന്ധി ഉണ്ട്. മറൈൻ എഞ്ചിനീയർ ആയിരുന്ന പിതാവിന്റെ നാമവും ഗാന്ധി എന്നായിരുന്നു.
ഫിറോസ് ഗാന്ധിയുടെ വിവാഹം ഇന്ദിരയുമായി നടന്നു. വിവാഹശേഷം അവർ ഇന്ദിരാ ഗാന്ധി എന്ന പേര് ഉപയോഗിച്ചു തുടങ്ങി. അതിനു ശേഷം രാഹുൽ, രാജീവ് തുടങ്ങിയ കുടുംബാംഗങ്ങൾ ആ പേര് സ്വീകരിച്ചു പോന്നു. ഇന്ദിരാഗാന്ധിയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ ലഭ്യമാണ്. അവരുടെ ആഗ്രഹപ്രകാരം വിവാഹം ഹിന്ദുവിന്റെ രീതിയിൽ ആയിരുന്നു. ഫിറോസ് ഗാന്ധി മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ശവദാഹത്തിനു ശേഷം അസ്ഥികൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഗംഗയിൽ ഒഴുക്കിയിരുന്നു. അവിടെ ജവഹർലാൽ നെഹ്രു സന്നിഹിതനായിരുന്നു. ഫിറോസിന്റെ ബന്ധുജനങ്ങളുടെ ആഗ്രഹപ്രകാരം ഭൗതീകാവശിഷ്ടത്തിന്റെ ഒരു ഭാഗം അവരും കൊണ്ടുപോയി, പാർസികളുടെ രീതിയിലുള്ള കർമങ്ങൾ ചെയ്യാനായി.
ഫിറോസ് ഗാന്ധി പറഞ്ഞിരുന്നു പാർസികളുടെ മരണാനന്തര ചടങ്ങുകളിൽ ഒരു ഉയർന്ന തട്ടിൽ മരണാനന്തരശരീരം വച്ച് അവിടെ നായ്‌ക്കൾക്കും കഴുകന്മാർക്കും ഭക്ഷിക്കുവാനായി കൊടുക്കുന്ന രീതി തനിക്ക് താല്പര്യം ഇല്ലെന്ന്. തന്റെ ശരീരം ഹിന്ദുക്കളുടെ രീതി പ്രകാരം അഗ്നിക്കിരയാക്കി സംസ്‌കരിക്കണം എന്ന അന്ത്യാഭിലാഷം അനുസരിച്ച് സംസ്‌കരിക്കുകയാണ് ചെയ്‌തത്.
ഇനി നിങ്ങൾ അന്വേഷിച്ചോണ്ടിരിക്കൂ ആരാണ് ഹിന്ദു, ആരാണ് പാർസി, ആരാണ് ക്രിസ്ത്യാനി, ആരാണ് മുസൽമാൻ എന്നൊക്കെ.
ഒരു ജനാധിപത്യരാജ്യത്ത് എല്ലാവർക്കും ആരെ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാൻ അവകാശമുണ്ട്. ആരുടെ കൂടെ ജീവിക്കണം എന്ന അധികാരം ഉണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ മന്ത്രി സ്‌മൃതി ഇറാനിയുടെ കാര്യം നോക്ക്. അവർ സ്‌മൃതി മൽഹോത്ര ആയിരുന്നപ്പോൾ വിവാഹം കഴിച്ചു. വിവാഹശേഷം അവർ സ്‌മൃതി ഇറാനി ആയി. ഇറാനി ആയതോണ്ടവർ മുസ്ലീം ആയില്ല. പാർസി ആയിത്തന്നെ തുടർന്നു. അതിനുപരി അവർ ഹിന്ദുവിനെപ്പോലെ സംസാരിക്കുന്നു. അതിൽ ആർക്കും പരിഭവം ഉണ്ടേവേണ്ട കാര്യമില്ല. വിവാഹശേഷം അവർ എന്താവണം എന്ന് തീരുമാനിക്കാനവർക്ക് അവകാശമുണ്ട്. നമ്മുടെ പരമ്പരാഗത വ്യവസ്ഥകൾ അങ്ങനെയാണ്. വിവാഹശേഷം മതം മാറുന്നതും പേര് മാറ്റുന്നതും വനിതകൾക്ക് തന്നെ അപമാനകരമാണ്. ഇക്കാലത്ത് പല മഹിളകളും അവരുടെ വിവാഹശേഷം അവരുടെ സർനേമിൽ മാറ്റം വരുത്തുന്നില്ല. അത് തികച്ചും നല്ലൊരു പ്രവർത്തിയാണ്. അവനവന്റെ സർനേം എന്തിനു മാറ്റണം? അവരവരുടെ വ്യക്തിത്വം എന്തിനു ബലി കൊടുക്കണം?
ഞാൻ ചരിത്രം പറഞ്ഞു. പുസ്തകത്തിന്റെ പേര് പറഞ്ഞു. ഈ പുസ്തകം എവിടെ വാങ്ങാൻ കഴിയും എന്നതിന് ലിങ്ക് തരാം. ഫോട്ടോഗ്രാഫുകൾ കാണിച്ചു. ജനന സർട്ടിഫിക്കറ്റ് കാണിച്ചു തന്നു. എന്നിട്ടും ഫിറോസ് ഗാന്ധിയുടെ പേരിന്റെ കാര്യത്തിൽ നിങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടേൽ അതൊക്കെ നിങ്ങളുടെ ഇഷ്ടം. കുരുട്ടുബുദ്ധി ആയിരിക്കുന്നതും ഒരവസ്ഥയാണ്. ധൂർത്ത് കാണിക്കുന്നതും ഒരവസ്ഥയാണ്. മുന്നിൽ കാണുന്നത് സൂര്യനാണേലും അത് ചന്ദ്രൻ ആണെന്ന് പറഞ്ഞാൽ ആർക്കാ തടയാൻ കഴിയുക? മുന്നിൽ കാണുന്നത് മാലിന്യമാണേലും ഞാൻ ഇതിൽത്തന്നെ ഇരിക്കും എന്നു തീരുമാനിച്ചാൽ ആർക്കാ തടയാൻ കഴിയുക? അവരെ ഞാൻ തടയുകയല്ല. റെക്കോർഡുകളും തെളിവുകളും ചരിത്രവും കണ്ട് ജനങ്ങൾ തങ്ങളുടെ മനസ്സുതുറന്നു വയ്‌ക്കുകയാണെങ്കിൽ കൃത്യമായ വിവരങ്ങൾ അറിയണം എന്ന് താല്പര്യം ഉള്ളവർക്ക് വേണ്ടിയാണ് ഞാനീ വീഡിയൊ ഉണ്ടാക്കിയത്.
ഇവിടെ ഞാൻ വളരെ സ്പഷ്ടമായി പറയുന്നു ഫിറോസ് ഗാന്ധിയുടെ പേരിൽ ഒരു പരിവർത്തനവും ഉണ്ടായിട്ടില്ല. കോളേജ്, സ്‌ക്കൂൾ, സ്‌ക്കൗട്ട് എന്നിവയിലെ ബാല്യകാലത്ത് തന്നെ അതും പോരാഞ്ഞ് ജനന സർട്ടിഫിക്കറ്റിൽ വരെ പുള്ളിയുടെ പേരിന്റെ കൂടെ ഗാന്ധി എന്നുകൂടെ ഉണ്ടായിരുന്നു. പോകെപ്പോകെ നിങ്ങൾ പറയാൻ താല്പര്യം ഉള്ള കാര്യങ്ങളാണ് ഞാൻ പറയുന്നതെങ്കിൽ കൂടുതൽ ആളുകളിലേക്ക് ഈ വിവരം പടരട്ടെ. കൂടുതൽ ആളുകൾ അറിയട്ടെ. വളരെ ദൂരെവരെ എത്തിക്കാൻ നിങ്ങൾ എന്നെ സഹായിക്കൂ. സത്യം വളരെ ദൂരെ എത്തേണ്ടതുണ്ട്.




