കല്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ നടനും കേന്ദ്രസഹമന്ത്രിയൂം ആയ സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിക്കും. ദുരന്ത വ്യാപ്തി കണ്ടറിഞ്ഞ് എല്ലാ വിവരങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരന്തം സംഭവിച്ച് ആറാം ദിവസമാണ് സുരേഷ് ഗോപി വയനാട് സന്ദര്‍ശിക്കുന്നത്. സുരേഷ് ഗോപിയുടെ സന്ദർശനം വൈകുന്നത് വിവാദമായിരുന്നു. നേരത്തേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് സന്ദർശിച്ചിരുന്നു.
|
മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ സ്ഥല കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രി ജോർജ് കുര്യൻ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടാണ് ജോർജ് കുര്യൻ വന്നത്. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ജോർജ് കുര്യൻ വാഗ്ദാനം ചെയ്യുകയുണ്ടായി.
ആശ്വാസധനം അനുവദിക്കുന്നതിന് നാലു കോടി രൂപ
മുണ്ടക്കൈ – ചൂരൽമല – അട്ടമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നു കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.
എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഈ മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാൻ മന്ത്രി നിർദേശം പുറപ്പെടുവിച്ചു.





