29
Jun 2023
Fri
29 Jun 2023 Fri

ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള നീക്കം നടത്തുന്ന കോൺഗ്രസിന് മുന്നിൽ ഓഫർ വച്ച് ഡൽഹിയും പഞ്ചാബും ഭരിക്കുന്ന എഎപി. കോൺഗ്രസിന് ശക്തിയുള്ള മധ്യപ്രദേശിലും രാജസ്ഥാനിലും ഞങ്ങൾ മത്സരിക്കില്ലെന്നും പകരം ഡൽഹിയിലും പഞ്ചാബിലും നിങ്ങളും മത്സരിക്കരുതെന്നുമാണ് ഓഫർ. ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോൺഗ്രസിനു മുന്നിൽ ഉപാധി വച്ചത്. ഡൽഹി ഭരണം സംബന്ധിച്ച കേന്ദ്ര സർക്കാർ ഓർഡിനൻസിനെതിരെ കോൺഗ്രസിന്റെ പിന്തുണ എഎപി തേടുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്തവാന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2015ലും 2020ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ കോൺഗ്രസ് വട്ടപൂജ്യമായിരുന്നു. അതിനാൽ ഡൽഹി പഞ്ചാബ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മത്സരിക്കരുത്. ഇതിനു പകരമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ എഎപി മത്സരിക്കാനിറങ്ങില്ല- സൗരഭ് വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ഇന്ന് ‘കോപ്പി കട്ട് കോൺഗ്രസ്’ (സിസിസി) ആണെന്ന് സൗരഭ് പരിഹസിച്ചു. അരവിന്ദ് കെജരിവാളിൽ നിന്നു എല്ലാം തട്ടിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്. നേതൃത്വത്തിന്റെയും ആശയങ്ങളുടേയും അഭാവമാണ് കോൺഗ്രസിനുള്ളത്. എഎപി ഇറക്കുന്ന പ്രകടപത്രിക കോൺഗ്രസ് മോഷ്ടിക്കുകയാണ്. പ്രകടനപത്രികയിൽ കെജരിവാൾ മുന്നോട്ടു വയ്ക്കുന്നത് ഉറപ്പാണ്. ആ ഉറപ്പു പോലും നൽകാൻ പക്ഷേ, കോൺഗ്രസിനു സാധിക്കുന്നില്ല. എഎപി ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകുന്നതിനെ കുറിച്ച് സംസാരിച്ചപ്പോൾ കോൺഗ്രസ് തങ്ങളെ കളിയാക്കുകയായിരുന്നു. പക്ഷേ, ഹിമാചൽപ്രദേശിൽ അരവിന്ദ് കെജരിവാളിന്റെ ഉറപ്പ് കോപ്പിയടിച്ചു 300 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തു. പഞ്ചാബിലെ സ്ത്രീകൾക്ക് എഎപി നൽകുന്ന സൗജന്യ അലവൻസിനെയും പരിഹസിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഹിമാചലിലും കർണാടകയിലും കോൺഗ്രസ് ഇത് പ്രഖ്യാപിച്ചെന്നും സൗരഭ് ആരോപിച്ചു.