ഗുരുഗ്രാം: യുവാക്കളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായി ബലാൽസംഗ പരാതി നൽകുന്നത് പതിവാക്കിയ യുവതി അറസ്റ്റിൽ. നോയിഡയിലെ ഒരു മീഡിയാ കമ്പനിയിൽ വെബ്ഡിസൈനറായ 22 വയസ്സുകാരിയാണ് അറസ്റ്റിലായത്.
|
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തും ഇയാളുടെ കൂട്ടുകാരനും ഒരു വീട്ടിൽ കൊണ്ടുപോയി തന്നെ കൂട്ടബലാൽസംഗം നടത്തിയെന്ന് കാണിച്ച് കഴിഞ്ഞ മാർച്ച് 17 ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവാക്കളെ ഫോണിൽ വിളിച്ച് രണ്ടു ലക്ഷം രൂപ നൽകിയാൽ കേസ് പിൻവലിക്കാമെന്ന് പറഞ്ഞു. കേസ് വ്യാജമാണെങ്കിലും ഇതിൽ നിന്ന് തലയൂരാനായി കേസിൽ പെട്ട യുവാക്കളിൽ ഒരാളുടെ സഹോദരൻ രണ്ടുലക്ഷം രൂപ പെൺകുട്ടിക്ക് നൽകി. എന്നാൽ പരാതി പിൻവലിക്കണമെങ്കിൽ നാല് ലക്ഷം രൂപ കൂടി വേണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ യുവാക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പെൺകുട്ടിയുടെ പ്രവൃത്തികൾ നിരീക്ഷിച്ച ശേഷം വ്യാജ പരാതിയാണെന്ന് ബോധ്യമായതോടെ അറസ്റ്റ് രേഖപ്പെടുത്തി.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതി ഡൽഹിയിലെ അമൻവിഹാർ പോലീസിൽ മറ്റൊരു യുവാവിനെതിരെ നേരത്തെ വ്യാജ ബലാൽസംഗ പരാതി നൽകി പണം തട്ടാൻ ശ്രമിച്ചതായി കണ്ടെത്തി. ഇത് യുവതിയുടെ സ്ഥിരം പരിപാടിയാണെന്ന് ബോധ്യപ്പെട്ടതോടെ കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്‌ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





