17
Apr 2023
Wed
17 Apr 2023 Wed

റായ്പൂർ: വിവാഹ സമ്മാനമായി ലഭിച്ച ഹോംതിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ കവർധ സ്വദേശി ഹേമേന്ദ്ര മെരാവി എന്ന 22കാരനും ഇയാളുടെ സഹോദരൻ രാജ്കുമാറുമാണ് കൊല്ലപ്പെട്ടത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ വധുവിന്‍റെ മുന്‍ കാമുകൻ സമ്മാനമായി നല്‍കിയ ഹോം തിയേറ്ററാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയായ സർജുവിനെ പൊലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ചയായിരുന്നു സംഭവം. മെരാവിയും കുടുംബവും തങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങളുടെ പൊതിയഴിക്കുകയായിരുന്നു. തുടർന്ന് ഹോം തിയേറ്റർ പുറത്തെടുത്ത് വയർ സ്വിച്ച് ബോർഡിൽ കുത്തി ഓൺ ആക്കിയതോടെ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മുറിയുടെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. പരിക്കേറ്റ മെരാവിയുടെ സഹോദരന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ ഒന്നര വയസുള്ള കുട്ടിയടക്കം മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോംതിയറ്റർ സംവിധാനത്തിനുള്ളിൽ ആരോ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് കണ്ടെത്തി. പിന്നീട്, വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങളുടെ പട്ടിക പൊലീസ് അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് മ്യൂസിക് സിസ്റ്റം വധുവിന്റെ മുൻ കാമുകൻ നൽകിയതാണെന്ന് കണ്ടെത്തിയത്.

വധുവിന്‍റെ മുന്‍ കാമുകനായ സർജു ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ മുൻ കാമുകി വിവാഹിതയായതിൽ ദേഷ്യമുണ്ടെന്ന് പ്രതി സമ്മതിച്ചെന്നും അതിനാലാണ് ഹോം തിയേറ്ററില്‍ സ്ഫോടക വസ്തുക്കള്‍ സജ്ജീകരിച്ച് സമ്മാനമായി നൽകിയതെന്നും കബീർധാം അഡീഷണൽ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു. സ്ഫോടനത്തില്‍ പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. ഏപ്രിൽ ഒന്നിനായിരുന്നു ഹേമേന്ദ്ര മെരാവിയുടെ വിവാഹം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക