21
Feb 2023
Wed
21 Feb 2023 Wed

ന്യൂഡൽഹി: മുംബൈയിലേയും ഡൽഹിയിലേയും ഓഫിസുകളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നതായി ബി.ബി.സി അറിയിച്ചു രാത്രി വൈകിയും പരിശോധന തുടർന്നു. റെയ്ഡിൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായും ചില ജീവനക്കരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും ബി.ബി.സി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നത്. അന്താരാഷ്ട്ര നികുതി അടക്കമുള്ളവയിലെ ക്രമക്കേടുകൾ, ലാഭം വകമാറ്റൽ, ബി.ബി.സിയുടെ ഉപകമ്പനികളുടെ ട്രാൻസ്ഫർ വിലനിർണ്ണയത്തിൽ ക്രമക്കേടുകൾ എന്നിവ സംബന്ധിച്ചാണ് പരിശോധന നടത്തുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഇന്നലെ രാവിലെ 11.30 ഓടെയാണ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ഇൻകം ടാക്സ് അധികൃതർ പരിശോധന ആരംഭിച്ചത്. പരിശോധനയോട് സഹകരിക്കുമെന്നും പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബി.ബി.സി അറിയിച്ചിട്ടുണ്ട്. അതേസമയം പരിശോധനയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ബിബിസി ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്കു വ്യക്തിമാക്കുന്ന ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ബി.ബി.സിയെ ലക്ഷ്യംവച്ചത്. പരിശോധന വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പരിശോധനയെ അപലപിച്ച് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സ് രംഗത്തെത്തി. പരിശോധന ഭീഷണിപ്പെടുത്തലെന്ന് ഐഎഫ്ജെ പ്രതികരിച്ചു. മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവർത്തനം തടയരുത് എന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ ആവശ്യപ്പെട്ടു.