17
Oct 2024
Wed
17 Oct 2024 Wed
What happened to Sheikh Hasina after she came to India

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ രൂക്ഷമായ പ്രക്ഷോഭത്തിനൊടുവില്‍ രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് പിന്നീട് എന്ത് സംഭവിച്ചു.? ദിവസങ്ങളായി ഹസീനയെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവരുന്നില്ല. അവര്‍ എവിടെയാണെന്ന വിവരം ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരോ ഇന്ത്യന്‍ സര്‍ക്കാരോ വെളിപ്പെടുത്തുന്നുമില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഗസ്റ്റ് അഞ്ചിന് ആണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ചത്. രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമാകുകയും അവര്‍ പ്രധാനമന്ത്രിയുടെ വസതി വളയുകയുംചെയ്തതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെ ഹസീന രാജ്യംവിട്ടോടിയത്. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് അവര്‍ രാഷ്ട്രീയ അഭയം തേടുമെന്നും അങ്ങോട്ട് പോകുമെന്നുമായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പറന്നിറങ്ങിയതായും സ്ഥിരീകറണമുണ്ടായിരുന്നു. പിന്നീട് ഡല്‍ഹിയിലേക്കാണ് പോയതെന്നും റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹിയില്‍ സുരക്ഷിതയായി എത്തിയ ഹസീന പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷം എന്താണ് സംഭവിച്ചതെന്നും എവിടെയാണുള്ളതെന്നുമുള്ള വിവരമാണ് പുറത്തുവരാത്തത്.

What happened to Sheikh Hasina after she came to India

ബ്രിട്ടണിലേക്ക് പോയിരിക്കുമെന്നാണ് സൂചനകളുള്ളതെങ്കിലും ബ്രിട്ടണ്‍ അവര്‍ക്ക് അഭയം നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ അവിടേക്ക് പോകാന്‍ സാധ്യതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹസീന എവിടെയെന്ന ചോദ്യം ഇന്ത്യയിലും ബംഗ്ലാദേശിലും ഒരു പോലെ ഉയരുന്നുണ്ടെങ്കിലും ആര്‍ക്കും ഒരു വ്യക്തതയുമില്ല.

അതേസമയം, ഹസീന ഇപ്പോഴും ഇന്ത്യയില്‍ തന്നെ കഴിയുന്നുണ്ടെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് മാസത്തിലേറെയായി ഡല്‍ഹിയിലെ ലൂട്ടന്‍സ് ഏരിയയില്‍ ആണ് ഹസീന കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സാധാരണയായി അനുവദിക്കുന്ന ബംഗ്ലാവാണ് ഹസീനക്ക് നല്‍കിയിരിക്കുന്നതെന്നും അതിസുരക്ഷാ സന്നാഹം ഇവിടെ ഒരുക്കിയിട്ടുണ്ടെന്നുമാണ് പ്രിന്റ് വാര്‍ത്തയിലുള്ളത്.

77കാരിയായ ഹസീന, ഇടയ്ക്ക് ലോധി ഗാര്‍ഡനില്‍ നടക്കാന്‍ പോകാറുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള പ്രിന്റിന്റെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ലോധി ഗാര്‍ഡണില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വരാറുള്ളതിനാല്‍ ഇക്കാര്യത്തില്‍ സംശയവും ഉണ്ട്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹസീനയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്ത് വിടാത്തത്. ബംഗ്ലാദേശ് ഭരണാധികാരിയായിരിക്കുമ്പോള്‍ ഇന്ത്യയുമായി അടുത്ത ബന്ധവും സൗഹൃദവും പുലര്‍ത്തിയിരുന്ന നേതാവാണ് ഹസീന. ഹസീന വീണ്ടും വിജയിച്ച അവസാനം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെട്ടുവെന്ന ആരോപണവും ബംഗ്ലാദേശ് പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

What happened to Sheikh Hasina after she came to India

അതേസമയം, ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 23 പേര്‍ക്കുമെതിരായ കൊലപാതക കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 28നകം സമര്‍പ്പിക്കാന്‍ ബംഗ്ലാദേശ് കോടതി ഉത്തരവിട്ടു. ധാക്ക അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എംഡി സിയാദുര്‍ റഹ്മാനാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടതെന്ന് ദ ഡെയ്‌ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ധാക്കയിലെ മിര്‍പൂരില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധം ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനിടെ 18കാരി മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതക കേസ് എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ജോലികളിലെ വിവാദ സംവരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം ജൂലൈ പകുതി മുതല്‍ നൂറുകണക്കിന് ആളുകളുടെ മരണത്തിലേക്ക് നയിച്ചിരുന്നു.

ഹസീനയെ കൂടാതെ മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍, അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ക്വദര്‍, മുന്‍ നിയമമന്ത്രി അനിസുല്‍ ഹഖ്, പൊലീസ് മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 194 കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 225 കേസുകളാണ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശിലുള്ളത്.

What happened to Sheikh Hasina after she came to India