
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതാദ്യമായി മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ( WHO confirms human case of bird flu in India ) പശ്ചിമ ബംഗാളിലെ നാല് വയസ്സുള്ള കുട്ടിയിലാണ് എച്ച്9എന്‍2 വൈറസ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
![]() |
|
ശ്വാസകോശ സമ്പന്ധമായ പ്രശ്‌നങ്ങളും കടുത്ത പനിയും അടിവയറ്റില്‍ വേദനയുമായി ഫെബ്രുവരിയില്‍ കുട്ടിയെ ഒരു പ്രാദേശിക ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് മൂന്ന് മാസം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കുട്ടിക്ക് വീട്ടിലും പരിസരത്തുമായി വളര്‍ത്തുപക്ഷികളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, കുടുംബത്തിലോ സമീപവാസികള്‍ക്കോ ശ്വാസകോശ സംബന്ധമായ അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയില്‍ മനുഷ്യരില്‍ ഇത് രണ്ടാം തവണയാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 2019ലായിരുന്നു ആദ്യ സംഭവം.
എച്ച് 9 എന്‍ 2 വൈറസ് ബാധയാല്‍ സാധാരണയായി ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ കോഴിയിറച്ചികളില്‍ സാധാരണയായി കണ്ടുവരുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസുകളിലൊന്നായതിനാല്‍ മനുഷ്യരിലേക്ക് കൂടുതലായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
മെക്‌സിക്കോയില്‍ ഈയിടെ പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മനുഷ്യരില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത എച്ച്5എന്‍2 എന്ന പക്ഷിപ്പനി മെക്‌സിക്കോയില്‍ ഒരാളുടെ മരണത്തിന് കാരണമായെന്നാണ് ലോകാരോഗ്യ സംഘടന റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മെക്‌സിക്കോയിലെ കോഴിയിറച്ചിയില്‍ H5N2 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഇയാള്‍ക്ക് രോഗം ബാധിച്ചതെന്ന് വ്യക്തമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.