വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കുന്നതാരാണെന്ന ചോദ്യവുമായി ബഷീറിന്റെ ഓര്‍മദിനത്തില്‍ എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ കൊച്ചങ്ങാടി. കോഴിക്കോട്ടെ ഒരു ഹൈസ്‌കൂള്‍ കുട്ടികള്‍ക്കു നല്‍കിയ ചോദ്യാവലിക്കെതിരേയാണ് ജമാല്‍ കൊച്ചങ്ങാടി രംഗത്തെത്തിയിരിക്കുന്നത്.
|
ജമാല്‍ കൊച്ചങ്ങാടിയുടെ പിതാവും സ്വാതന്ത്ര്യസമരസേനാനിയുമായ പി എ സൈനുദ്ദീന്‍ നൈന നടത്തിയിരുന്ന പത്രമായ ഉജ്ജീവനത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ലേഖനങ്ങള്‍ എഴുതിയതിനെക്കുറിച്ചാണ് ചോദ്യം. ബഷീര്‍ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങള്‍ എഴുതിയതെന്ന ചോദ്യവും ഉത്തരമായി പ്രഭ എന്നു നല്‍കിയിരിക്കുന്നുവെന്നും ജമാല്‍ കൊച്ചങ്ങാടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. തന്റെ പേരമകന്‍ ഉസൈര്‍ ശബീബ് ആണ് താന്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്ന് ലഭിച്ച ചോദ്യാവലിയുമായി വീട്ടില്‍ വന്നതെന്നു വ്യക്തമാക്കുന്ന ജമാല്‍ കൊച്ചങ്ങാടി ചോദ്യാവലി തയ്യാറാക്കിയത് ആരെന്നറിയില്ലെന്നും പറയുന്നു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കാലത്താണ് തന്റെ പിതാവ് പി എ സൈനുദ്ദീന്‍ നൈനയും വൈക്കം മുഹമ്മദ് ബഷീറും ഒരു പത്രം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നും സഹോദരന്‍ അയ്യപ്പന്റെ കവിതയുടെ പേരില്‍ പത്രം തുടങ്ങിയതെന്നും ജമാല്‍ കൊച്ചങ്ങാടി കുറിച്ചു. ചോദ്യാവലി തയ്യാറാക്കിയവര്‍ ആരായാലും ഉജ്ജീവനം പ്രസിദ്ധീകരിച്ച തീവ്രവാദ സംഘടന ഏതെന്ന് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ നാളെ അത് ഭീകര സംഘടനയായി മാറും. ബഷീറും സൈനുദ്ദീന്‍ നൈനയും ഭീകരരായി ചിത്രീകരിക്കപ്പെടും.അത് തടയാന്‍ സാംസ്‌ക്കാരിക കേരളം ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാല്‍ കൊച്ചങ്ങാടിയുടെ ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട് ഒരു ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പേരമകന്‍ ഉസൈര്‍ ശബീബ് ഇന്നലെ വീട്ടില്‍ വന്നത് ഒരു ചോദ്യാവലിയുമായാണ്. അതാര് തയ്യാറാക്കിയതാണെന്നറിയില്ല.
അതിലെ ഒരു ചോദ്യമാണിത് : ബഷീര്‍ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങള്‍ എഴുതിയത് ?
ഉത്തരവുമുണ്ട് : പ്രഭ.
ഉത്തരം ശരിയായിരിക്കാം.
എന്നാല്‍ നിഷ്‌ക്കളങ്കമെന്ന് തോന്നുന്ന ഈ ചോദ്യം ഉയര്‍ത്തുന്ന ഒരു ആരോപണമുണ്ട്. ഒരു തീവ്രവാദ സംഘടനയുടെ മുഖപത്രമായിരുന്നു ഉജ്ജീവനം എന്നതാണത്. അത് ശരിയാണൊ എന്ന ഉപചോദ്യം ഇവിടെ ഉയരുന്നു. ഈ ഉജ്ജീവനത്തിന്റെ പ്രസാധകനായ പി.എ. സൈനുദ്ദീന്‍ നൈനായുടെ പേരക്കുട്ടിയാണ് താന്‍ എന്നൊക്കെ ഉസൈര്‍ മനസ്സിലാക്കി തുടങ്ങുന്നതേയുള്ളു.
ഇവിടെ ഉജ്ജീവനത്തിന്റെ പ്രസാധകനായ സൈനുദ്ദീന്‍ നൈനയും പത്രാധിപരായ ബഷീറും ചേര്‍ന്ന് പത്രം തുടങ്ങാനുണ്ടായ സാഹചര്യം വിശദീകരിക്കേണ്ടതുണ്ട്.
വൈക്കത്തു നിന്നു വൈക്കം മുഹമ്മദ് ബഷീറും കൊച്ചിയില്‍ നിന്ന് സൈനുദ്ദീന്‍ നൈനയും കോഴിക്കോട്ട് എത്തിയാണ് 1930 ല്‍ മുഹമ്മദ് അബ്ദുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കുന്നത്. എന്റെ പിതാവ് സൈനുദ്ദീന്‍ നൈനയുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളു എന്ന് ഇ.മൊയ്തു മൗലവി ആത്മകഥയില്‍ പറയുന്നുണ്ട്. നേരിട്ട് എന്നെ കാണുമ്പോഴെല്ലാം ആ ത്യാഗത്തെ കുറിച്ച് വികാരവായ്‌പ്പോടെ അദ്ദേഹം ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു.
സമരത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോഴാണ് ബഷീറും നൈനയും പരിചയപ്പെടുന്നത്. ആ ജയില്‍ ജീവിതത്തെപ്പറ്റി ഓര്‍മ്മയുടെ അറകളില്‍ വിശദമായും സരസമായും ബഷീര്‍ എഴുതിയിട്ടുമുണ്ട്. ആ ഘട്ടത്തിലാണ് ജയില്‍ മോചിതരായി നാട്ടില്‍ ചെന്നാല്‍ ഒരു പത്രം തുടങ്ങണമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുന്നത്.
സഹോദരന്‍ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നല്‍കിയത്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം മൗലവി തമ്മിലുണ്ടായിരുന്നത് പോലെ ഒരു ബന്ധമാണ് ഉജ്ജീവനത്തിന്റെ പത്രാധിപരും പ്രസാധകനും തമ്മിലുണ്ടായിരുന്നത്. ബാപ്പ വേറെയും പത്രം നടത്തി പരിചയമുള്ളയാളായിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ പത്രാധിപര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. പശ്ചിമകൊച്ചിയില്‍ നിന്നാണ് ഉജ്ജീവനം പ്രസിദ്ധീകരിച്ചിരുന്നത്.
ജയില്‍ മോചിതനാകുമ്പോള്‍ തന്നെ സ്വാതന്ത്രൃസമരത്തെ കുറിച്ചുള്ള ബഷീറിന്റെ സങ്കല്‍പ്പങ്ങള്‍ മാറിയതായും ഭഗത് സിംഗിന്റെ ആശയങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തിയതായും ഓര്‍മ്മയുടെ അറകളില്‍ ബഷീര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉജ്ജീവനം ഏതെങ്കിലും ഒരു തീവ്രവാദി സംഘടനയുടെ മുഖപത്രമായിരുന്നുവെന്ന് എവിടെയും കണ്ടിട്ടില്ല. പത്രത്തില്‍ വരുന്ന തീപ്പൊരിലേഖനങ്ങള്‍ സഹ പത്രാധിപരായ ദിവാകരനുമായി സൈക്കിളില്‍ കൊച്ചി മുഴുവന്‍ സഞ്ചരിച്ച് ചുമരുകളില്‍ പതിക്കുക പതിവായിരുന്നു. അക്കാലത്ത് തന്റെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ കുട്ടികളുടെ ഒരു വാനര സംഘടന പ്രവര്‍ത്തിച്ചിരുന്നുവെന്ന് തമാശയായി ബഷീര്‍ പറയുന്നുണ്ടെന്ന് മാത്രം. അതൊരു തീവ്രവാദി സംഘടനയാണെന്ന ധ്വനി എവിടെയും കണ്ടിട്ടില്ല.
പത്രാധിപര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നു എന്ന് മനസ്സിലാക്കിയ പ്രസാധകനാണ് അദ്ദേഹത്തെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നത്. പത്തു വര്‍ഷത്തോളം നീണ്ട ഈ ഭാരതപര്യടനത്തിലെ പല അനുഭവങ്ങളും കൊച്ചിയിലെ ഉജ്ജീവനകാല ജീവിതവും ബഷീറിന്റെ സര്‍ഗ്ഗാത്മക ജീവിതത്തിന്ന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ധര്‍മ്മരാജ്യം, പട്ടത്തിന്റെ പേക്കിനാവ് തുടങ്ങിയ രാഷ്ട്രീയരചനകളെ ഫാഷിസ്റ്റ് കാലത്തെ ബഷീര്‍ എന്ന ലേഖനത്തില്‍ ബഷീര്‍ ദ മാന്‍ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായ എം.എ.റഹ്‌മാന്‍ വിവരിക്കുന്നുണ്ട്.
ഇക്കാലമത്രയും അന്വേഷിച്ചിട്ടും ഉജ്ജീവനത്തിന്റെ ഒരു കോപ്പി കണ്ടുകിട്ടിയിട്ടില്ല. അടുത്ത കാലത്ത് ബ്രിട്ടനില്‍ പോയപ്പോള്‍ ബഹുമാന്യ സുഹൃത്ത് ഡോ.എം.എന്‍.കാരശ്ശേരി, എന്റെ അപേക്ഷ മാനിച്ച് ലണ്ടന്‍ ലൈബ്രറിയില്‍ പോലും തിരച്ചില്‍ നടത്തി നിരാശനാവുകയായിരുന്നു.
ചോദ്യാവലി തയ്യാറാക്കിയവര്‍ ആരായാലും ഉജ്ജീവനം പ്രസിദ്ധീകരിച്ച തീവ്രവാദ സംഘടന ഏതെന്ന് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ നാളെ അത് ഭീകര സംഘടനയായി മാറും. ബഷീറും സൈനുദ്ദീന്‍ നൈനയും ഭീകരരായി ചിത്രീകരിക്കപ്പെടും.അത് തടയാന്‍ സാംസ്‌ക്കാരിക കേരളം ശബ്ദമുയര്‍ത്തേണ്ടതുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





