23
Aug 2022
Sat
23 Aug 2022 Sat

ആ​ഗസ്ത് നാലിന് യുവാവിന് വെടിയേറ്റ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുടുങ്ങിയത് യുവാവിന്റെ ഭാര്യയും സർക്കാർ അധ്യാപകനായ ഇവരുടെ കാമുകനും അടങ്ങിയ 9 അം​ഗ സംഘം. തെലങ്കാനയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തെ നിയോ​ഗിക്കുന്നതിന് ഭാര്യ സ്വയംസഹായസംഘത്തിൽ നിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ക്വട്ടേഷൻ സംഘം വെടിവച്ചുവീഴ്ത്തിയെങ്കിലും യുവതിയുടെ ഭർത്താവ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.  

 

അധ്യാപകനായ കാമുകനുമായി ചേർന്നാണ് യുവതി ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. ക്വട്ടേഷൻ സംഘം കുടിവെള്ള വിൽപ്പനക്കാരനായ യുവതിയുടെ ഭർത്താവിനെ വെടിവച്ചുവീഴ്ത്തിയെങ്കിലും അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ മാസം നാലിനായിരുന്നു നിമ്മല സ്വാമിയെന്ന യുവാവിനു നേരെ അജ്ഞാതർ വെടിയുതിർത്തത്. മൂന്നു വെടിയുണ്ടകൾ നിമ്മലയുടെ ശരീരത്തിൽ തറച്ചിരുന്നു. ഇതുസംബന്ധിച്ചു പൊലീസ് നടത്തിയ വിശദ അന്വേഷണമാണ് നാലുമാസം നീണ്ട ​ഗൂഢാലോചനയുടെ ചുരുളഴിച്ചതും പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തതും. 

 

യുവാവിന്റെ ഭാര്യ സന്ധ്യയും കാമുകൻ ബാലകൃഷ്ണയും നാലുമാസമായി യുവാവിനെ വധിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് നൽ​ഗോണ്ട പൊലീസ് സൂപ്രണ്ട് രമ രാജേശ്വരി പറഞ്ഞു. കൊലപാതകം നടപ്പാക്കുന്നതിന് രണ്ടു ക്വട്ടേഷൻ ടീമുകളുമായി ഇവർ ബന്ധപ്പെട്ടിരുന്നു. 

 

ക്വട്ടേഷൻ എടുത്ത ആദ്യ സംഘം മൂന്നുലക്ഷം രൂപയാണ് കൊലപാതകം നടത്താൻ ആവശ്യപ്പെട്ടത്. ബാലകൃഷ്ണൻ 1.7 ലക്ഷം രൂപ നൽകുകയും നിമ്മലയുടെ നീക്കങ്ങളറിയാൻ അദ്ദേഹത്തിന്റെ കടയുടെ സമീപം മറ്റൊരു കട വാടകയ്ക്ക് എടുക്കുകയും ചെയ്തു. എന്നാൽ ഇവർക്ക് നിമ്മലയെ കൊല്ലാനായില്ല. ഇതോടെ ബാലകൃഷ്ണ പണം തിരികെ ചോദിച്ചു.

 

രണ്ടാമത്തെ സംഘം 12 ലക്ഷം രൂപയാണ് ക്വട്ടേഷന് ചോദിച്ചത്. അഞ്ചുലക്ഷം രൂപ ബാലകൃഷ്ണ അഡ്വാൻസായി നൽകി. ഇതിൽ ഒരുലക്ഷം രൂപ സന്ധ്യ സ്വയംസഹായ സംഘത്തിൽ നിന്നു വായ്പയെടുത്തു നൽകിയ തുകയായിരുന്നു. ആ​ഗസ്ത് നാലിന് നിമ്മസ സ്വാമി വ്യാപാര ആവശ്യാർഥം ​ഗ്രാമത്തിൽ എത്തിയപ്പോഴാണ് ക്വട്ടേഷൻ ടീം മൂന്നുതവണ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടത്. 

 

പിടിയിലായ സംഘത്തിൽ നിന്ന് തോക്കും വെടിയുണ്ടയും മൊബൈൽ ഫോണുകളും ബാങ്ക് പാസ്ബുക്കുകളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തതായും പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു. കാമുകൻ അധ്യാപകനായ ജില്ലാ പരിഷത് ഹൈസ്കൂളിലെ പാചകജോലിക്കാരിയായിരുന്നു  സന്ധ്യ.