28
Jul 2023
Sun
28 Jul 2023 Sun

നിഷയുടെ അമിത ഫോണ്‍വിളികളില്‍ സംശയം, തര്‍ക്കത്തിനിടെ വിനോദിന് കുത്തേറ്റു; ഭര്‍ത്താവിന്റെ ദുരൂഹമരണത്തില്‍ ഭാര്യ അറസ്റ്റിലായതിന്റെ വിശദാശംങ്ങള്‍ പുറത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയതോടെ ഭാര്യ നിഷ (43) അറസ്റ്റിലായത്.

കഴിഞ്ഞ 11ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് നിഷ. ഭാര്യയുടെ ഫോണ്‍ വിളികളില്‍ സംശയാലുവായിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണ്‍വിളിയില്‍ മുഴുകിയിരിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോണ്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. ഫോണ്‍ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മില്‍ പിടിവലിയായി. ഇതിനിടെ വിനോദ്, നിഷയുടെ കൈപിടിച്ച് തിരിച്ചു. കുപിതയായ നിഷ സമീപത്തിരുന്ന മൂര്‍ച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു.

നെഞ്ചില്‍ കുത്തേറ്റ വിനോദ് കട്ടിലിലിരുന്നപ്പോള്‍ പേടിച്ച നിഷ മുറിവ് അമര്‍ത്തിപ്പിടിച്ചതിനാല്‍ ആന്തരിക രക്തസ്രാവമുണ്ടായി. ഇതോടെ വിനോദ് തളര്‍ന്നുപോയി. കുറേ സമയം കഴിഞ്ഞിട്ടും വിനോദിന്റെ രക്തസ്രാവം നിലയ്ക്കാത്തതു കണ്ട് വാഹനം വിളിച്ചുവരുത്തി വിനോദിനെ നിഷ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായി വിനോദ് മരണത്തിനു കീഴടങ്ങി. പിടിവലിക്കിടെ നിലത്തുവീണപ്പോള്‍ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയില്‍ അറിയിച്ചിരുന്നത്.

വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് വിനോദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമാകാമെന്ന സൂചന ലഭിച്ചത്. പരിസരവാസികളോടും ബന്ധുക്കളോടും അന്വേഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് ലഭിച്ച വിവരം.

വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വച്ചു. സംഭവ സമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാല്‍ അവയെല്ലാം കത്തിച്ചു കളഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം നിഷയെ കണ്ട് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. പിടിവലിക്കിടെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്ന നിഷ, ഒടുവില്‍ പിടിച്ചു നില്‍ക്കാനാവാതെ നടന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞു.

സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പിടിവലി നടന്നതും കുത്തിയ രീതിയുമെല്ലാം നിഷ പൊലീസിനോട് വിവരിച്ചു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.