01
Aug 2024
Fri
01 Aug 2024 Fri
wife strangles drunken husband with mangalyasutra

മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ താലിച്ചരടിന് കഴുത്തുമുറുക്കികൊന്ന് ഭാര്യ. തമിഴ്‌നാട്ടിലെ തിരുവല്ലിക്കേനി(ട്രിപ്പിള്‍കേന്‍)യിലാണ് സംഭവം. 28കാരനായ മണിവണ്ണനാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മണിവണ്ണന്റെ ഭാര്യയായ നാഗമ്മാളി(35)നെ അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഗമ്മാളിന്റെ മൂന്നാമത്തെ ഭര്‍ത്താവായിരുന്നു മണിവണ്ണന്‍. മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയ മണിവണ്ണനെ താലിച്ചരടൂരി കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് നാഗമ്മാള്‍ പോലീസിനോടു പറഞ്ഞു. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനിലെ കരാര്‍ ജീവനക്കാരിയാണ് നാഗമ്മാള്‍.

സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ മണിവണ്ണന്‍ തന്നെ അവഹേളിച്ചുവെന്നും ഇതേച്ചൊല്ലിയുള്ള വഴക്കിനിടെ താലിച്ചരടൂരി മണിവണ്ണന്റെ കഴുത്തില്‍ മുറുക്കുകയായിരുന്നുവെന്ന് നാഗമ്മാള്‍ പറഞ്ഞു. മണിവണ്ണന്‍ അബോധാവസ്ഥയില്‍ ആയതോടെ പരിഭ്രാന്തയായ നാഗമ്മാള്‍ സഹോദരിയെ വിവരമറിയിച്ചു. സഹോദരിയും ഭര്‍ത്താവും നാഗമ്മാളിന്റെ വീട്ടിലെത്തി മണിവണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

യുവാവിന്റെ കഴുത്തിലെ പരിക്കു കണ്ട ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി നാഗമ്മാളിനെയും സഹോദരിയെയും സഹോദരി ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ നാഗമ്മാള്‍ കുറ്റം സമ്മതിക്കുകയും തുടര്‍ന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.