തൃശൂര്‍: അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനം വാച്ചര്‍ കൊല്ലപ്പെട്ടു. കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ഇരിമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വാച്ചറായ സുനിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ വാഴച്ചാല്‍ വനം ഡിവിഷനായ ഊളശ്ശേരി, കരടിപ്പാറയില്‍ വെച്ചായിരുന്നു കാട്ടാന ആക്രമണമുണ്ടായത്.
|
ആനമല റോഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലായിരുന്നു സംഭവം.ഇഞ്ചി ശേഖരിക്കാന്‍ പോയപ്പോഴാണ് ആന ആക്രമിച്ചത്. കുമാരനെ ആന തട്ടിത്തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ കുഴിയില്‍ വീണ് കുമാരന് പരിക്കേറ്റു. ഗുരുതര പരിക്കുകളോടെ കുമാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുനില്‍, പ്രേംജിത്ത്, പ്രസാദ് എന്നിവര്‍ തലനാരിഴക്ക് ആനയില്‍ നിന്നും രക്ഷപ്പെട്ടു. എട്ടുവര്‍ഷം മുമ്പു മീന്‍ പിടിക്കാന്‍ പോയപ്പോള്‍ കാരാംതോടു ഭാഗത്തുവച്ചു കരടിയുടെ കടിയേറ്റു കുമാരന്റെ കാലിനു പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുമാരന്‍. അതിനാല്‍ ആനയുടെ ആക്രമണം ഉണ്ടായപ്പോള്‍ ഓടി രക്ഷപെടാന്‍ സാധിച്ചില്ല.
നാലുകിലോമീറ്റര്‍ വാഹനത്തിലും തുടര്‍ന്ന് ഒരുമണിക്കൂര്‍ നടന്ന ശേഷവുമാണു വനപാലകരായ രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തിയത്. പോകുന്ന വഴിയില്‍ ആനക്കൂട്ടം ഇറങ്ങിയതു രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. സംഭവ സ്ഥലത്തേക്കു പോയ ആംബുലന്‍സ് വാഴച്ചാല്‍ ഇരുമ്പുപാലം പരിസരത്തുവച്ചു കാട്ടാനകൂട്ടം തടഞ്ഞു. കുമാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സീത. മക്കള്‍: അനില്‍കുമാര്‍, ലത, ലതിക, അനഘ.





