വാഷിങ്ടണ്‍: ഇന്ത്യക്കെതിരായ നിലപാട് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിച്ചാല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുകയും അസംബ്ലിങ് ചെയ്യുമെന്നും ഞാന്‍ കരുതുന്നു. മറിച്ച് ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ആണ് അങ്ങിനെ ചെയ്യുന്നതെങ്കില്‍ കുറഞ്ഞത് 25 ശതമാനം തീരുവ ആപ്പിള്‍ നല്‍കേണ്ടിവരും- ട്രംപ് പറഞ്ഞു.
|
അമേരിക്കയില്‍ വില്‍ക്കുന്ന ഐ ഫോണുകള്‍ രാജ്യത്തുതന്നെ നിര്‍മിക്കണമെന്ന് ആപ്പിളിനോട് ട്രംപ് നിര്‍ദേശിച്ചു. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ഐഫോണുകള്‍ നിര്‍മിക്കേണ്ടെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയില്‍ പ്ലാന്റുകള്‍ നിര്‍മിക്കരുതെന്നും കഴിഞ്ഞയാഴ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഉയര്‍ന്ന താരിഫുകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുതെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന. കമ്പനിയുടെ രാജ്യത്തെ നിര്‍മാണശാലകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12 മാസത്തിനുള്ളില്‍ 22 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകളാണ് ഉത്പാദിപ്പിച്ചത്. ആപ്പിളിന് നിലവില്‍ മൂന്ന് പ്ലാന്റുകളാണ് ഇന്ത്യയിലുള്ളത്. രണ്ടെണ്ണം തമിഴ്‌നാട്ടിലും ഒന്ന് കര്‍ണാടകയിലും. ഇവയില്‍ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. രണ്ട് പ്ലാന്റുകള്‍ നിര്‍മാണത്തിലിരിക്കുകയുമാണ്.
ട്രംപിന്റെ മുന്നറിയിപ്പിനെക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചില്ല. ഏതെങ്കിലും പ്രത്യേക കമ്പനിക്കുമേല്‍ ചുങ്കം ചുമത്താന്‍ ട്രംപിന് കഴിയുമോ എന്ന് വ്യക്തമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
Will impose 25% tariff on iPhones made in India warn Donald Trump


