03
Sep 2024
Fri
03 Sep 2024 Fri
P V Anvar will contest from Nilambur

മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കുമെന്ന് നിലമ്പൂരിലെ സ്വതന്ത്ര എംഎൽഎ പി വി അൻവർ. കർഷകരുടെ പ്രശ്നം ഏറ്റെടുക്കുമെന്നും ഇപ്പോൾ തനിക്കാരെയും പേടിക്കാനില്ലെന്നും തീപ്പന്തം പോലെ കത്തുമെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അൻവറിനെ തള്ളിക്കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിനു മറുപടി പറയുകയായിരുന്നു പി വി അൻവർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനമെത്തി നിൽക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാർക്ക് പോലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫിസുകളിൽ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുളള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. ആ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഇവിടെയുളള ലോക്കൽ നോതാക്കളാണ്. അവർക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. പാർട്ടി ഓഫിസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കൽ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. നിലമ്പൂരിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ട സമയത്ത് തനിക്കെതിരെ മൂർദാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അൻവർ പ്രതികരിച്ചു. 2016ൽ സിപിഐഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. അതിനു മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നിന്ന താൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇടത് സ്ഥാനാർഥിക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയിരുന്നു. ഇതിനു ശേഷമായിരുന്നു സിപിഐഎം തന്നോട് പിന്തുണ നൽകട്ടേ എന്നു ചോദിച്ചതും താനതിനു സമ്മതം മൂളിയതെന്നും അൻവർ പറഞ്ഞു.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ വൻ പരാജയം ഏറ്റവാങ്ങേണ്ടി വന്നത് ‌കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ല. പാർട്ടി പ്രവർത്തകർ പോലും അവർക്ക് വോട്ടുനൽകിയില്ല. അതു പാർട്ടിയോടുള്ള എതിർപ്പാണ്. എന്നാൽ ആ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ മാർക്സിസം പഠിക്കാത്ത താൻ നടത്തിയ അന്വേഷണം പോലും സിപിഐഎം നടത്തുന്നില്ലെന്നും അൻവർ പരിഹ​സിച്ചു.

ഞാൻ കമ്യൂണിസം പഠിച്ച് വന്നതല്ല. സാധാരണക്കാർക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടി. സാധാരണ പാർട്ടിക്കാർക്ക് ഒപ്പമാണ് ഞാൻ. ആർക്കൊപ്പം വേണമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടേ. യഥാർഥ പ്രവർത്തകർക്ക് കാര്യം മനസിലായിട്ടുണ്ട്. അതിന് തൻറെ നെഞ്ചത്ത് കേറിയിട്ട് കാര്യമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. താനുന്നയിച്ച ​ഗുരുതര ആരോപണങ്ങളിൽ വേണ്ട രീതിയിൽ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ തയ്യാറാട്ടില്ല പാർട്ടിയും സർക്കാരും. കോഴിക്കോട്ട് ദുരൂഹ സാഹചര്യത്തിൽ കാണാതായ ആട്ടൂർ മുഹമ്മദ് എന്ന മാമിയുടെ കേസിൽ അന്വേഷണം നടത്തുന്ന ഉദ്യോ​ഗസ്ഥനെ നീക്കിയിരിക്കുന്നുവെന്നും അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും അൻവർ ആരോപിച്ചു. വിഷയത്തിൽ കോഴിക്കോട് പൊതുസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നും പി വി അൻവർ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക