തിരുവനന്തപുരം: സിപിഎം വലിയ തോതില്‍ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ പുതിയ സഖ്യസാധ്യതകള്‍ തേടി സിപിഐ.(Will the CPI leave the Left Front? State executive committee discussing new alliance possibilities) സിപിഎം സഖ്യത്തിനപ്പുറമുള്ള സാധ്യതകളും പരിശോധിക്കണമെന്നു സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയില്‍ ആവശ്യമുയര്‍ന്നു.
|
ദേശീയ നിര്‍വാഹകസമിതി അംഗവും രാജ്യസഭാംഗവുമായ പി.സന്തോഷ്‌കുമാര്‍ ആണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസ് സഖ്യമെന്നു നേരിട്ടുപറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് അതുതന്നെ. ഇതിന്റെ ചുവടുപിടിച്ചു നടന്ന ചര്‍ച്ചയില്‍, സിപിഎം കടുത്ത അപചയമാണു നേരിടുന്നതെന്ന വിമര്‍ശനവുമുയര്‍ന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെത്തുടര്‍ന്ന് പഴയ കോണ്‍ഗ്രസ് സഖ്യത്തിലേക്കു തിരിച്ചുപോകണമെന്ന വാദം ചില ജില്ലാ കൗണ്‍സിലുകളില്‍ ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന നേതൃയോഗത്തിലും അതേ ആവശ്യം ഉയര്‍ന്നത്.
ദേശീയ രാഷ്ട്രീയം മാറ്റിനിര്‍ത്തി ഇടതുപാര്‍ട്ടികള്‍ക്കു മുന്നോട്ടുപോകാനാകില്ലെന്നു സന്തോഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമാണ് സിപിഐ. കേരളത്തില്‍ കടുത്ത ജീര്‍ണത നേരിടുന്ന സിപിഎം മാത്രമാണ് മുന്നിലുള്ള വഴിയെന്നു ചിന്തിച്ചിരുന്നാല്‍ സിപിഐയുടെ ഭാവി അപകടത്തിലാകും. 10 വര്‍ഷത്തിലേറെ മുന്നണികള്‍ ഇങ്ങനെ നിലനില്‍ക്കില്ല. കോണ്‍ഗ്രസ് എന്ന വാക്ക് ഉപയോഗിക്കാതെ ആ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതയും ആലോചിക്കേണ്ടിവരുമെന്നു സന്തോഷ് പറഞ്ഞുവച്ചു.
കേരളത്തിനു പുറത്ത് ഇന്ത്യാസഖ്യത്തിലാണ് സിപിഐ ഉള്ളത്. അപ്പോള്‍ കേരളത്തില്‍ മാത്രം സിപിഎം സഖ്യം എന്നതു വികല കാഴ്ചപ്പാടാണെന്നു കഴിഞ്ഞ നിര്‍വാഹകസമിതി യോഗത്തില്‍ മുല്ലക്കര രത്‌നാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതു തുടര്‍ന്നാല്‍ ആളുകള്‍ സിപിഐ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുമെന്നും ദേശീയ നിര്‍വാഹകസമിതി അംഗമായിരുന്ന കനയ്യകുമാര്‍ അതാണു ചെയ്തതെന്നും മുല്ലക്കര ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസുമായുള്ള സഖ്യം ചര്‍ച്ച ചെയ്യുന്ന വേദിയായി സിപിഐ നിര്‍വാഹകസമിതി മാറരുതെന്ന് ഇതിനുള്ള മറുപടിയായി മന്ത്രി ജി.ആര്‍.അനില്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനോടു സന്തോഷ് നടത്തിയ പ്രതികരണമാണ് കൂടുതല്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയത്.


