ന്യൂഡല്‍ഹി: മൂന്ന് സ്വതന്ത്ര എംപിമാര്‍ കൂടി കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യ മുന്നണിയുടെ പാര്‍ലമെന്റിലെ അംഗ ബലം 237 ആയി. ലഡാക്കിലെ സ്വതന്ത്ര എംപി മുഹമ്മദ് ഹനീഫയാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് മുഹമ്മദ് ഹനീഫയുടെ പ്രഖ്യാപനം.
|
നേരത്തേ സ്വതന്ത്ര എംപിമാരായ വിശാല്‍ പാട്ടീല്‍, പപ്പു യാദവ് എന്നിവര്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നപ്പോള്‍ ഇന്ത്യ മുന്നണിക്ക് 234 സീറ്റുകളും എന്‍ഡിഎക്ക് 293 സീറ്റുകളുമാണ് ഉണ്ടായിരുന്നത്.
ഇന്ത്യാ സഖ്യം സെരിങ് നംഗ്യാലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ഹനീഫ ലഡാക്കില്‍ മല്‍സരിച്ചത്. 27,862 വോട്ടുകള്‍ക്കാണ് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നംഗ്യാലിനെ തോല്‍പ്പിച്ചത്.
അതേസമയം, പശ്ചിമബംഗാളിലെ 3 ബിജെപി എംപിമാര്‍ സഖ്യത്തിനൊപ്പം ചേരാനൊരുങ്ങുന്നതായി ത്രിണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി സാകേത് ഖോകലെ എക്‌സില്‍ അറിയിച്ചു. ”നിലവില്‍ ബിജെപിക്ക് 240 പേരും ഇന്ത്യാ സഖ്യത്തിന് 237 പേരുമാണുള്ളത്. വെസ്റ്റ് ബംഗാളിലെ 3 ബിജെപി എംപിമാര്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഉടന്‍ ഒരു സര്‍പ്രൈസുണ്ടാവും. അതിന് ശേഷം ബിജെപിക്ക് 237 സീറ്റും ഇന്ത്യാ സഖ്യത്തിന് 240 സീറ്റുമാവും. മോദിയുടെ തട്ടിക്കൂട്ട് സഖ്യം അധിക കാലം പോവില്ല”- അദ്ദേഹം അവകാശപ്പെട്ടു.
പാട്ടീല്‍ കഴിഞ്ഞയാഴ്ച്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്. പപ്പു യാദവ് തിങ്കളാഴ്ച്ച കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. മറ്റു നാല് സ്വതന്ത്ര എംപിമാരായ എന്‍ജിനീയര്‍ റാഷിദ്, അമൃത്പാല്‍ സിങ്, സരബ്ജീത് ഖല്‍സ, ഉമേഷ് ഭായി പട്ടേല്‍ എന്നിവര്‍ ഇതുവരെ ഒരു മുന്നണിക്കും പിന്തുണ അറിയിച്ചിട്ടില്ല.
വൈഎസ്ആര്‍ കോണ്‍ഗ്രസിലെ നാല് എംപിമാര്‍, വിഒടിടിപി, ഇസഡ്പിഎം, അകാലി ദള്‍, എഎസ്പി(കന്‍ഷിറാം), എഐഎംഐഎം എന്നീ പാര്‍ട്ടികളുടെ ഓരോ എംപിമാര്‍ എന്നിവരും ഇതുവരെ ഒരു സഖ്യത്തിലും ചേര്‍ന്നിട്ടില്ല. എഐഎംഐഎം ഏക എംപി അസദുദ്ദീന്‍ ഉവൈസി ഇന്ത്യ സഖ്യത്തില്‍ ചേര്‍ന്നില്ലെങ്കിലും എന്‍ഡിഎയെ എതിര്‍ക്കുമെന്ന നിലപാടിലാണ്.





