റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് സഹോദരങ്ങളില്‍ നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കൊല്ലം മുഖത്തല സ്വദേശി രേഷ്മ(23)ആണ് പിടിയിലായത്. യുവതി നല്‍കിയ വ്യാജ നിയമനക്കത്തുമായി സഹോദരങ്ങള്‍ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മണക്കാട് സ്വദേശികളായ അനുവും സഹോദരന്‍ അജിത്കുമാറുമാണ് തട്ടിപ്പിനിരയായത്.
|
റെയില്‍വേ ഡിവിഷണല്‍ ഓഫിസില്‍ ക്ലാര്‍ക്ക് ആണെന്നാണ് രേഷ്മ ഇരകളോടു പരിചയപ്പെടുത്തിയിരുന്നത്. റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്നും ഇതിനായി നാലുലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു യുവതി ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് 1,75,000 രൂപ പവര്‍ഹൗസ് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയും ബാക്കി തുക റെയില്‍വേ ഡിവിഷണല്‍ ഓഫിസ് പരിസരത്തുവച്ചു രേഷ്മയ്ക്കു നേരിട്ടും ഇവര്‍ നല്‍കി. അതേസമയം, പണം വാങ്ങിയശേഷം യുവതി നിയമനക്കത്ത് വ്യാജമായി നിര്‍മിച്ചു സഹോദരങ്ങള്‍ക്കു നല്‍കുകയും ചെയ്തു.
യുവതി നിര്‍ദേശിച്ചതനുസരിച്ച് ജോലിയില്‍ പ്രവേശിക്കാനായി കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ യുവാക്കള്‍ എത്തുകയും അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ പരിശോധിച്ച റെയില്‍വേ ജീവനക്കാര്‍ ഇത് വ്യാജമാണെന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു. ഈ സമയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തിയ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പേട്ട എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ കൈയില്‍ ഈ സമയം റെയില്‍വേയുടെ വ്യാജ സീലും ലെറ്റര്‍ ഹെഡും ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ALSO READ: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍


