മൈനാഗപ്പള്ളി ആനൂര്‍കാവിലെ കാറിടിച്ചു റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രിക കുഞ്ഞുമോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റിയിറങ്ങിയതിനെ തുടര്‍ന്ന് മരിച്ച കേസില്‍ പ്രതിയായ കാര്‍ യാത്രിക ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.
|
ശ്രീക്കുട്ടിയുടെ സുഹൃത്ത് അജ്മലായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടസമയം ഇരുവരും മദ്യലഹരിയിലായിരുന്നു. ഇടിയേറ്റ് സ്‌കൂട്ടറും യാത്രികരായ രണ്ട് യുവതികളും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കുഞ്ഞുമോള്‍ കാറിന്റെ അടിയില്‍പെട്ടതോടെ ആളുകള്‍ ഓടിക്കൂടുകയും ഈ സമയം വാഹനം യുവതിയുടെ ദേഹത്തുകൂടി കയറ്റിയിറക്കി അജ്മല്‍ ഓടിച്ചുരപോവുകയുമായിരുന്നു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. അജ്മല്‍ ചന്ദനക്കടത്ത് അടക്കം അഞ്ചു കേസില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു . അപകടത്തിന്റെ വ്യാപ്തി മനസ്സിലായിട്ടും പ്രാഥമിക ശുശ്രൂഷ പോലും നല്‍കിയില്ലെന്നതും ശ്രീക്കുട്ടിക്കെതിരെ കേസെടുക്കാന്‍ കാരണമാണ്. മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമായ ബിഎന്‍എസ് 105 വകുപ്പ് ചുമത്തിയാണ് അജ്മലിനെ കസ്റ്റഡിയിലെടുത്തത്. അപകടമുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചു മദ്യപിച്ച അജ്മലും ശ്രീക്കുട്ടിയും അവിടെനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുന്‍പ് ഇയാള്‍ കാറില്‍നിന്ന് ഇറങ്ങിയിരുന്നു.
മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വളവു തിരിഞ്ഞു വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് ഓടിച്ചുപോയ പോയ കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിയില്‍ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മലും ശ്രീക്കുട്ടിയും ഇറങ്ങിയോടുകയായിരുന്നു. അജ്മല്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടപ്പോള്‍ ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് അജ്മലിനെ പരിചയപ്പെട്ടതെന്നാണ് ഡോക്ടര്‍ നല്‍കിയ മൊഴി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





