ഉയർന്ന ശമ്പളവും മികച്ച കരിയർ സാധ്യതകളുമുണ്ടായിരുന്ന വക്കീൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും നായകളെ നടത്താൻ കൊണ്ടുപോകുന്ന ജോലി തിരഞ്ഞെടുത്ത് ശ്രദ്ധ നേടുകയാണ് ബ്രിട്ടനിലെ 30കാരിയായ ലിസ് ഈസ്റ്റ്. പുതിയ ജോലിയിൽ തനിക്ക് മുമ്പത്തേക്കാൾ കൂടുതൽ വരുമാനവും കുറഞ്ഞ ജോലി സമയവുമാണെന്ന് ലിസ് പറയുന്നു. ദിവസവും അമ്പതിനായിരത്തോളം രൂപയുടെ ലിസിൻറെ വരുമാനം.
|
ക്രിമിനൽ ഡിഫൻസ് മേഖലയിൽ നാല് വർഷത്തോളം ജോലി ചെയ്ത ശേഷമാണ് ലിസ് നിയമരംഗത്തോട് വിടപറഞ്ഞത്. കോടതിയിൽ പോകുന്നതും ജയിലുകളിൽ സന്ദർശനം നടത്തുന്നതും ക്ലയന്റുകളുമായി സംസാരിക്കുന്നതും ഉൾപ്പെടെ വലിയ ജോലിഭാരമാണ് ഉണ്ടായിരുന്നതെന്ന് അവർ പറഞ്ഞു.
തുടർച്ചയായ ജോലിസമ്മർദം കാരണം മാനസികമായി തളർന്ന ലിസ് തന്റെ ജീവിതത്തെക്കുറിച്ച് തന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. “എനിക്ക് പ്രായത്തേക്കാൾ കൂടുതൽ പ്രായമായതായി തോന്നി. എല്ലാ ദിവസവും ‘ഇതാണോ ഇനി എന്റെ ജീവിതം?’ എന്ന് ചിന്തിക്കുമായിരുന്നു,” എന്നാണ് അവർ പറഞ്ഞത്.
ലണ്ടനിലെ ജീവിതരീതിയും ജോലിയുടെ സമ്മർദവും കുടുംബജീവിതത്തിന് അനുയോജ്യമല്ലെന്ന് തോന്നിയതായും ലിസ് വ്യക്തമാക്കി. വൈകിട്ട് 9 മണിയോ 10 മണിയോ വരെ ജോലി ചെയ്യേണ്ടിവരുന്നതും ജോലി കഴിഞ്ഞുള്ള സാമൂഹിക സമ്മർദങ്ങളുമെല്ലാം തന്നെ തളർത്തിയെന്നും അവർ പറഞ്ഞു.
ലിസിന്റെ ഭർത്താവ് നായകളെ നടത്താൻ കൊണ്ടുപോകുകയും നായകളെ പരിപാലിക്കുകയും ചെയ്യുന്ന ജോലി ചെയ്തിരുന്നു. ഭർത്താവ് തന്റെ ജോലിയെ വളരെയധികം ഇഷ്ടപ്പെടുന്നത് കണ്ടതോടെയാണ് സ്വന്തം കരിയറിനെക്കുറിച്ച് ലിസ് വീണ്ടും ചിന്തിച്ചത്.
തുടർന്ന് ചെലവുകൾ കണ്ടെത്തുന്നതിനായി ഒരു പ്രാദേശിക പബ്ബിൽ ജോലി ചെയ്യുന്നതിനൊപ്പം നായകളെ പരിപാലിക്കുന്ന സേവനത്തിനായി ക്ലയന്റുകളെ കണ്ടെത്താനും തുടങ്ങി. ഒരു വർഷത്തിനുള്ളിൽ സ്ഥിരം ക്ലയന്റുകൾ ലഭിച്ചതോടെ മുഴുവൻ സമയവും ഈ ജോലിയിലേക്ക് മാറുകയായിരുന്നു.
ഇപ്പോൾ ദിവസവും നാല് ഗ്രൂപ്പ് വാക്കുകൾ നടത്തുകയും 20 മുതൽ 30 വരെ നായകളെ പരിചരിക്കുകയും ചെയ്യുന്നുണ്ട്. ഒരു നായയ്ക്ക് മണിക്കൂറിന് ഏകദേശം 14 പൗണ്ട് (ഏകദേശം 1,800 രൂപ) ഈടാക്കുന്ന ലിസ് ദിവസേന 300 മുതൽ 400 പൗണ്ട് വരെ (ഏകദേശം 38,500 മുതൽ 51,400 രൂപ വരെ) വരുമാനം നേടുന്നുവെന്നാണ് റിപ്പോർട്ട്.
മുൻ ജോലിയേക്കാൾ മാസത്തിൽ ആയിരക്കണക്കിന് പൗണ്ട് അധികം സമ്പാദിക്കുന്നതായും അതേസമയം മുമ്പ് ചെയ്തതിന്റെ പകുതി സമയം മാത്രമാണ് ഇപ്പോൾ ജോലിക്കായി ചെലവഴിക്കുന്നതെന്നും ലിസ് പറയുന്നു.
വക്കീൽ ജോലി ഉപേക്ഷിച്ച് നായകളെ നടക്കാൻ കൊണ്ടുപോകുന്ന ജോലി തിരഞ്ഞെടുത്തതിനെ ചിലർ വിമർശിച്ചിരുന്നെങ്കിലും ആ തീരുമാനത്തിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് ലിസ് വ്യക്തമാക്കി. നിയമപഠനത്തിനായി ചെലവഴിച്ച വർഷങ്ങൾ പാഴായിട്ടില്ലെന്നും അതിൽനിന്ന് ലഭിച്ച അറിവുകൾ ഇപ്പോഴും ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
“പണം മാത്രം ലക്ഷ്യമിട്ടല്ല ഈ ജോലി തിരഞ്ഞെടുക്കേണ്ടത്. പുറത്തായിരിക്കാനും നായകളോടൊപ്പം സമയം ചെലവഴിക്കാനും ഇഷ്ടമുള്ളവർക്കാണ് ഈ ജോലി കൂടുതൽ അനുയോജ്യം. ഞാൻ ജോലിക്ക് പോകാൻ ഇപ്പോൾ സന്തോഷത്തോടെയാണ് എഴുന്നേൽക്കുന്നത്,” ലിസ് പറഞ്ഞു.
ALSO READ: പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ അഞ്ചു മരണം; ഒരാളെ കാണാതായി
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





