|
നിലമ്പൂർ: മമ്പാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചുങ്കത്തറ സ്വദേശിനി സുൽഫത്ത്(24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സുൽഫത്തിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടതെന്ന് ബന്ധുക്കളും അയൽക്കാരും പറഞ്ഞു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. പുലർച്ചെ ഷെമീറിന്റെ വീട്ടിൽനിന്ന് ബഹളം കേട്ടിരുന്നെങ്കിലും ഇടയ്ക്കിടെ ഇത് പതിവായതിനാൽ അയൽക്കാർ ആദ്യം കാര്യമാക്കിയില്ല. പിന്നീട് ഷെമീറിന്റെ വീട്ടിലെത്തിയപ്പോളാണ് സുൽഫത്തിന്റെ മൃതദേഹം കെട്ടഴിച്ചശേഷം നിലത്തുകിടത്തിയനിലയിൽ കണ്ടത്.
അതേസമയം, യുവതിയുടെ ശരീരത്തിൽ കയർ മുറുകിയതിന്റെ പാടുകളൊന്നും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനാലാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ പോലീസിന് പരാതി നൽകിയത്.
യുവതിയും ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.



