22
Jul 2024
Thu
22 Jul 2024 Thu

ഇന്‍കം ടാക്‌സ് ഓഫീസര്‍ ചമഞ്ഞ് ഹണി ട്രാപ്പ്; കാസര്‍ക്കോട്ട് യുവതി ലക്ഷങ്ങള്‍ തട്ടി; പിടികൊടുക്കാതെ പ്രതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്: ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞ് യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി കാസര്‍ക്കോട് സ്വദേശിനി ലക്ഷങ്ങള്‍ തട്ടി. ചെമ്മനാട് സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് പുല്ലൂര്‍ സ്വദേശിയായ യുവാവ് പരാതി നല്‍കിയത്. പരാതി ഉയര്‍ന്നതോടെ ശ്രുതി ചന്ദ്രശേഖരനെതിരെ മേല്‍പറമ്പ പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തു. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലിസിന് പിടികൊടുക്കാതെ യുവതി മുങ്ങിനടക്കുകയാണ്.

യുവതി ഇയാളില്‍ നിന്നും ആറ് ലക്ഷം രൂപയോളം തട്ടിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ പീഡനക്കേസില്‍ കുടുക്കിയെന്നും യുവാവ് പരാതിയില്‍ പറഞ്ഞു. ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞാണ് ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരന്‍ യുവാക്കളെ വലയിലാക്കിയത്. ചില പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ വലയില്‍ കുടുങ്ങിയതായി സൂചനയുണ്ട്.

മംഗലാപുരത്ത് യുവതി നല്‍കിയ പീഡനക്കേസില്‍ 28 ദിവസം യുവാവ് ജയിലില്‍ കഴിഞ്ഞതായും പരാതിയില്‍ പറയുന്നു. സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്നതാണ് ശ്രുതിയുടെ രീതി. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് യുവതി പലരെയും തട്ടിപ്പിനിരയാക്കിയത്. ഇതിനായി വ്യാജ ഐഡി കാര്‍ഡും യുവതി നിര്‍മ്മിച്ചു.

പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്.

പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വര്‍ണ്ണമാലയും യുവതി തട്ടിയെടുത്തതായി അറിയുന്നു. ജയിലിലായ യുവാവില്‍ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരന്‍ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പലരും വിവരം മറച്ചു വച്ചു.

Woman poses as ISRO official for honey-trap scam in Kasaragod; case registered