ഓണച്ചിട്ടി നടത്തി പിരിച്ചെടുത്ത 18 ലക്ഷം രൂപ ബൈക്കിലെത്തിയ യുവാക്കൾ വീട്ടിൽ കയറി കവർന്നുകൊണ്ടുപോയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ കള്ളക്കഥ പൊളിച്ചടുക്കി പോലീസ്. ഇടുക്കിയിലെ കോമ്പയാറ്റിലാണ് ചിട്ടി നടത്തിപ്പുകാരിയായ യുവതി ഇത്തരമൊരു കള്ളക്കഥ മെനഞ്ഞത്. കഴിഞ്ഞദിവസമാണ് സംഭവം.
|
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ തൻ്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞശേഷം കവർന്നുവെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയിൽ അന്വേഷണം തുടങ്ങിയ നെടുങ്കണ്ടം പോലീസിന് തുടക്കത്തിൽ തന്നെ അസ്വാഭാവികത തോന്നി. യുവതിയുടെ മൊഴിയിലും പൊരുത്തക്കേട് തോന്നിയതോടെ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും കള്ളക്കളി പൊളിക്കുകയുമായിരുന്നു.
ഓണച്ചിട്ടി നടത്തിയ ഇനത്തിൽ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും ഉള്ള വ്യാപാരികൾ ഉൾപ്പെടെയുള്ള 156 പേർക്ക് നൽകാനുണ്ടായിരുന്ന തുക കൃത്യസമയത്ത് നൽകാൻ സാധിക്കാതെവന്നതോടെ പണം കവർന്നുകൊണ്ടുപോയെന്ന കഥ മെനയുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്‌ണു പ്രദീപിന്റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജർലിൻ വി സ്‌കറിയ, നെടുങ്കണ്ടം എസ് ഐ ജയകൃഷ്ണൻനായർ ടി എസ് അടങ്ങിയ പോലീസ് സംഘമാണ് വ്യാജ കവർച്ച പരാതി മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചടുക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





