അഹമ്മദാബാദ്: ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഒരു വര്‍ഷം മുമ്പ് നടന്ന ദൃശ്യം മോഡല്‍ കൊലപാതകമാണ് പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ പുറത്തുവന്നത്.
|
ബിഹാര്‍ സ്വദേശി മുഹമ്മദ് ഇസ്രയേല്‍ അക്ബറലി അന്‍സാരി എന്നയാളെയാണ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം, കഷ്ണങ്ങളാക്കി വീടിന്റെ അടുക്കളയില്‍ കുഴിച്ചിടുകയായിരുന്നു. അടുക്കളയിലെ സിമന്റുതറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.
2015-ല്‍ റൂബിയുമായി പ്രണയത്തിലായതിനു പിന്നാലെ മുഹമ്മദ് ഇസ്രയേല്‍ ബിഹാറില്‍ നിന്ന് അഹമ്മദാബാദിലേക്ക് കുടിയേറിയിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ടായിരുന്നു.
ALSO READ: 4788 രൂപയുടെ ചാറ്റ് ജിപിടി ഗോ പ്ലാന്‍ ഫ്രീയായി സ്വന്തമാക്കാം; ഈ അവസരം പാഴാക്കരുത്
എന്നാല്‍, പിന്നീട് റൂബി അയല്‍വാസിയായ ഇമ്രാന്‍ അക്ബര്‍ഭായ് വഗേല എന്ന യുവാവുമായി പ്രണയത്തിലായി. ഭര്‍ത്താവ് ഈ ബന്ധത്തിന് തടസ്സമായതോടെ ഇരുവരും മറ്റൊരാളുടെ സഹായത്തോടെയാണ് ഇസ്രയേലിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സമീര്‍ അന്‍സാരിയെ കാണാതായിട്ട് ഏകദേശം ഒരു വര്‍ഷം തികഞ്ഞതിനുശേഷം, ചൊവ്വാഴ്ച രാത്രി സിറ്റി ക്രൈം ബ്രാഞ്ച് അദ്ദേഹത്തിന്റെ എല്ലുകളും മറ്റ് അവശിഷ്ടങ്ങളും അഹമ്മദാബാദിലെ സര്‍ഖേജ് ഏരിയയിലുള്ള പൂട്ടിയിട്ട വീടിന്റെ അടുക്കളയുടെ തറയുടെ അടിയില്‍ നിന്ന് പുറത്തെടുത്തു. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ്, ക്രൈം, അജിത് രാജിയാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൊല്ലപ്പെട്ടയാളുടെ ഭാര്യ റൂബിയും അവരുടെ രണ്ട് ബന്ധുക്കളായ റഹീമും മൊഹ്സിനും ഒളിവിലാണ്.
കൊലപാതകം തെളിഞ്ഞത് ഇങ്ങനെ
ഏകദേശം മൂന്ന് മാസം മുന്‍പ്, ബീഹാര്‍ സ്വദേശിയായ അന്‍സാരിയെ കുറേയായി കാണാനില്ലെന്നും, അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് പോലീസിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് ഒരു രഹസ്യ വിവരം ലഭിച്ചു.
മേസ്തിരിയായി ജോലി ചെയ്തിരുന്ന അന്‍സാരി റൂബിയുമായുള്ള പ്രണയവിവാഹത്തിന് ശേഷം 2016-ലാണ് ബീഹാറില്‍ നിന്ന് അഹമ്മദാബാദില്‍ എത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. അഹമ്മദാബാദിലെ ഫത്തേവാഡി കനാലിനടുത്തുള്ള അഹമ്മദി റോ ഹൗസില്‍ താമസിക്കുന്നതിനിടെയാണ് റൂബി വഗേലയുമായി പ്രണയത്തിലായത്.
‘തുടര്‍ന്ന് ഞങ്ങള്‍ പ്രദേശത്ത് നിരീക്ഷണം നടത്തുകയും അന്‍സാരിയെ ഒരു വര്‍ഷമായി കാണാനില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ വഗേല കുറ്റം സമ്മതിക്കുകയും ഒരു വര്‍ഷം മുന്‍പ് റൂബിയുടെ നിര്‍ദ്ദേശപ്രകാരം താനും മറ്റ് രണ്ടുപേരും (അയാളുടെ ബന്ധുക്കള്‍) ചേര്‍ന്ന് അന്‍സാരിയെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയം ചെയ്തു,’ ഡിസിപി രാജിയാന്‍ പറഞ്ഞു.
അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അന്‍സാരി തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്നും, തങ്ങളുടെ അവിഹിത ബന്ധത്തിന് അയാള്‍ ഒരു തടസ്സമായി കാണുന്നതുകൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റൂബി പറഞ്ഞതായി വഗേല മൊഴി നല്‍കി.
കൊലപാതകം നടത്തിയത് ഇങ്ങനെ
‘റൂബിയുടെയും മറ്റ് രണ്ട് പേരുടെയും സഹായത്തോടെ ഇമ്രാന്‍ ആദ്യം അന്‍സാരിയുടെ കഴുത്തറുക്കുകയും ശേഷം ശരീരം കഷണങ്ങളായി മുറിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ അടുക്കളയില്‍ ഒരു കുഴി എടുത്ത് മൃതദേഹം അതില്‍ നിക്ഷേപിച്ച ശേഷം സിമന്റും ടൈല്‍സും ഉപയോഗിച്ച് മൂടി. അന്‍സാരിയെക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചാല്‍, അദ്ദേഹം ജോലി തേടി മറ്റേതോ നഗരത്തിലേക്ക് പോയെന്ന് റൂബി പറയുമായിരുന്നു,’ ഡിസിപി രാജിയാന്‍ വിശദീകരിച്ചു.
എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കാന്‍ ക്രൈം ബ്രാഞ്ച് സംഘം എത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.
തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട അതേ വീട്ടില്‍ റൂബി മാസങ്ങളോളം താമസിച്ചതിന് ശേഷമാണ് രണ്ട് മക്കളോടൊപ്പം മറ്റൊരിടത്തേക്ക് താമസം മാറിയത്.





