തിരുവനന്തപുരത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു
|
തിരുവനന്തപുരം: ചേങ്കോട്ടുകോണത്തു യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. ചെങ്കോട്ടുകോണം സൗമസൗധത്തില്‍ ജി.സരിതയാണു (46) ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാത്രിയാണു സരിതയെ പ്രതിയും പരിചയക്കാരനുമായ പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു (50) വീട്ടിലെത്തി തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 60 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.
ചെങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ബിനു എത്തിയത്. വാക്കുതര്‍ക്കത്തിനിടെ ബിനു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ സരിതയുടെ ദേഹത്ത് ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു. കന്നാസില്‍ 5 ലീറ്റര്‍ പെട്രോളുമായിട്ടാണ് ഇയാള്‍ എത്തിയത്. സരിതയെ തീ കത്തിച്ചപ്പോള്‍ ഇയാളുടെ ദേഹത്തും തീ പടര്‍ന്നു. തുടര്‍ന്ന് ബിനു വീടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി.
കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ബിനുവിന്റെ സ്കൂട്ടറില്‍നിന്നു വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.
ബിനു എത്തിയത് ആസൂത്രിതമായാണെന്നു പൊലീസ് പറയുന്നു. പെട്രോള്‍ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു. അക്രമത്തിലേക്കു നയിച്ച തര്‍ക്കമെന്തെന്ന അന്വേഷണത്തിലാണു പൊലീസ്.
സ്കൂട്ടര്‍ നിര്‍ത്തി കയ്യില്‍ കന്നാസുമായി എത്തിയ ബിനു വാക്കുതര്‍ക്കത്തിനുശേഷം പെട്രോള്‍ സരിതയുടെ ദേഹത്തൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. സരിത തടയുന്നതിനിടയിലാണു ബിനുവിന്റെ ദേഹത്തും പെട്രോള്‍ വീണു തീപിടിച്ചത്. ആക്രമണസമയത്ത് സരിതയുടെ ബിരുദ വിദ്യാര്‍ഥിയായ മകള്‍ വീട്ടിലുണ്ടായിരുന്നു. മകളുടെ നിലവിളി കേട്ടാണ് അയല്‍ക്കാരെത്തിയത്.
women dies in petrol attack in thiruvananthapuram





