ചുരിദാര്‍ ധരിച്ചെത്തിയതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
നെടുവത്തൂര്‍ ഇവിഎച്ച്എസിലെ പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സംഭവത്തില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും നടപടികള്‍ ആരംഭിച്ചു. അക്കാദമിക കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടതിലും പ്രധാനാധ്യാപികയെ തടഞ്ഞതിലും മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സ്‌കൂള്‍ മാനേജര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഡിഇഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രധാനാധ്യാപിക സിന്ധു എസ്. നായരുടെ പരാതിയും മൊഴിയും പരിശോധിച്ച ശേഷമാണ് ഡിഇഒ റിപ്പോര്‍ട്ട് നല്‍കിയത്.
ചുരിദാര്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അധ്യാപിക മൊഴി നല്‍കി. വിഷയത്തില്‍ സ്‌കൂള്‍ മാനേജര്‍ പലതവണ ഇടപെട്ടിരുന്നുവെന്നും മൊഴിയിലുണ്ട്. അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് മാനേജരെ അറിയിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇതിനുശേഷം സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളുമായി എത്തിയ സമയത്ത് സെക്യൂരിറ്റിയെ ഉപയോഗിച്ച് തന്നെ തടഞ്ഞുവച്ചതായും അധ്യാപിക ആരോപിച്ചു.
|


