15
Oct 2024
Fri
15 Oct 2024 Fri

ന്യൂഡല്‍ഹി: ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ (World University Rankings | Times Higher Education (THE) ഏറ്റവും പുതിയ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും  ഒന്നാമതെത്തി ബ്രിട്ടണിലെ ഓക്‌സ്ഫഡ് സര്‍വകലാശാല. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT) ആണ് രണ്ടാം സ്ഥാനത്ത്. ഹാവര്‍ഡ് യൂണിവേഴ്‌സിറ്റി (ബ്രിട്ടണ്‍), പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി (യു.എസ്), കേംബ്രിജ് യൂണിവേഴ്‌സിറ്റി (ബ്രിട്ടണ്‍), സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി (യു.എസ്), കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (യു.എസ്), യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ (യു.എസ്), ഇംപീരിയല്‍ കോളേജ് ലണ്ടന്‍ (ബ്രിട്ടണ്‍), യേല്‍ യൂണിവേഴ്‌സിറ്റി (യു.എസ്) എന്നിവയാണ് മൂന്നുമുതല്‍ പത്ത് വരെ സ്ഥാനത്തുള്ള യൂനിവേഴ്‌സിറ്റികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയില്‍നിന്ന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി ബാംഗ്ലൂര്‍) ആണ് ഒന്നാമതെത്തിയത്. മികച്ച ഇന്ത്യന്‍ സര്‍വ്വകലാശാല എന്ന സ്ഥാനം ഐ.ഐ.എസ്.സി ബാംഗ്ലൂര്‍ നിലനിര്‍ത്തിയെങ്കിലും ആഗോളതലത്തില്‍ മികച്ച 250 സ്ഥാപനങ്ങളിലൊന്നാകാന്‍ ഐ.ഐ.എസ്.സിക്കായില്ല. പട്ടികയില്‍ 250- 300 കാറ്റഗറിയില്‍ ആണ് ഐ.ഐ.എസ്.സിയുടെ സ്ഥാനം. മുന്‍വര്‍ഷം 200- 250 കാറ്റഗറിയിലായിരുന്നു ഐ.ഐ.എസ്.സി ഉള്‍പ്പെട്ടത്.

ഇന്ത്യയിലെ അണ്ണാ യൂനിവേഴ്‌സിറ്റി , കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി, സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സസ്, ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് സയന്‍സ് എന്നിവയുടെ റാങ്കിങ്ങും മെച്ചപ്പെട്ടു, നാലും 401- 500 കാറ്റഗറിയില്‍ എത്തി. അതേസമയം, പ്രശസ്തമായ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ കഴിഞ്ഞതവണ തവണത്തെ അപേക്ഷിച്ച് പിന്നിലായി. ഇക്കുറി 501- 600 കാറ്റഗറിയിലാണ് ജാമിഅ. കഴിഞ്ഞവര്‍ഷം 801- 1000 കാറ്റഗറിയില്‍പ്പെട്ട ഐ.ഐ.ടി ഇന്‍ഡോര്‍ ഇക്കുറി 501- 600 ബാന്‍ഡില്‍ ഉള്‍പ്പെട്ടു. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയും ഈ വര്‍ഷം 601- 800 ബാന്‍ഡിലാണ് ഇടം നേടിയത്.  ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ പട്ടികയിലെ ആദ്യ നൂറില്‍ ഇന്ത്യയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇടം പിടിച്ചിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലെ മികച്ച സര്‍വകലാശാലയായി ഐ.ഐ.എസ്.സിയെ തെരഞ്ഞെടുത്തിരുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) ന്റെ റാങ്കിങ്ങിലാണ് ഐ.ഐ.എസ്.സി ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു), ജാമിയ മില്ലിയ ഇസ്‌ലാമിയ എ്‌നനിവയായിരുന്നു ഈ പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്.

യു.കെ ആസ്ഥാനമായ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ 2092 സര്‍വകലാശാലകളെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. അധ്യാപനം, ഗവേഷണ അന്തരീക്ഷം, ഗവേഷണ നിലവാരം, അടിസ്ഥാനസൗകര്യം, വ്യവസായം, അന്താരാഷ്ട്ര വീക്ഷണം എന്നിവ പരിഗണിച്ചാണ് റാങ്ക് തയാറാക്കിയത്.

World University Rankings: Oxford tops itself; Kottayam MG in top 500