ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണില്‍നിന്ന് ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ പ്രധാനമന്ത്രിനരേന്ദ്ര മോദി രണ്ടു വര്‍ഷം മുമ്പ് തന്നെ അറിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. ബ്രിജ് ഭൂഷന്റെ ലൈംഗിക താല്പര്യങ്ങള്ക്ക് വഴങ്ങാത്തതിനു നേരിടേണ്ട വരുന്ന പീഡനങ്ങളെക്കുറിച്ച് താരങ്ങള്‍ 2021ല്‍ത്തന്നെ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്. എന്നാല്‍, രണ്ടുവര്‍ഷം നുമ്പ് തന്നെ ഇന്ത്യയുടെ അഭിമാനമായ കായികതാരങ്ങളുടെ പരാതിയില്‍ യാതൊരു നടപടിയും എടുക്കാതെ പ്രധാനമന്ത്രി താമസിപ്പിച്ചെന്ന ഗൗരവമുള്ള ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
|
പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയ ഒളിംപ്യന്മാരുടെ സംഘത്തില്‍നിന്ന് ഒരു താരത്തിന്റെ പേര് ബ്രിജ് ഭൂഷണ് വെട്ടിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇടപെട്ട് താരത്തെ വിളിപ്പിച്ചു. ആ കൂടിക്കാഴ്ചയിലാണ് ഫെഡറേഷന് അധ്യക്ഷന്റെ ലൈംഗിക അക്രമങ്ങള്‍ പ്രധാനമന്ത്രിയോട് താരങ്ങള്‍ നേരിട്ട് പറഞ്ഞത്. പ്രശ്നത്തില്‍ കായികമന്ത്രാലയം ഇടപെടുമെന്ന് അന്ന് പ്രധാനമന്ത്രി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും ഇതറിഞ്ഞ ബ്രിജ് ഭൂഷന്റെ പകപോക്കലിന്റെ കടുപ്പം കൂടിയതല്ലാതെ ഒന്നും സംഭവിച്ചില്ല.
ഏപ്രില്‍ 28ന് തയാറാക്കിയ എഫ്ഐആറില്‍ ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു ബിജെപി നേതാവു കൂടിയായ ബ്രിജ് ഭൂഷന്റെ കേട്ടാലറയ്ക്കുന്ന പീഡനങ്ങളെന്നും എഫ്ഐആറില്‍ പറയുന്നു.





