ലൈംഗിക ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജന്തർ മന്തറിലെ രാപ്പകൽ സമരം ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.
|
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുക. ഏഴു പേർ ചേർന്നാണ് ഹരജി നൽകിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ട് എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
അതേസമയം, ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര രംഗത്തുവന്നു. നീതിക്കായി അത്‌ലറ്റുകൾക്ക് തെരുവിൽ നിൽക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. ഇക്കാര്യത്തിൽ അതിവേഗ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ അഭിമാനം ഉയർത്തിയവരാണ് അത്‌ലറ്റുകൾ. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും ആത്മാഭിമാനം സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നും ചോപ്ര പറഞ്ഞു. ഒരിക്കലും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിക്കുന്നത്. വളരെ വൈകാരികമായൊരു വിഷയമാണ്. ഇക്കാര്യത്തിൽ പക്ഷപാതിത്വമില്ലാതെയും സുതാര്യമായും തീരുമാനമെടുക്കണമെന്നും ചോപ്ര ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനു പിന്തുണ നൽകാത്തതിന് ക്രിക്കറ്റ് താരങ്ങളെയും മറ്റ് കായിക താരങ്ങളെയും ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് വിമർശിച്ചു. അധികാരത്തിലിരിക്കുന്നവർക്കെതിരെ നിൽക്കാൻ അവർക്ക് ധൈര്യമില്ലെന്ന് കാണുന്നതിൽ തനിക്ക് വേദനയുണ്ടെന്ന് അവർ പറഞ്ഞു. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധ സമരത്തിൽ മുൻനിരയിൽ നിൽക്കുന്നവരാണ് വിനേഷും ഒളിംപിക് മെഡൽ ജേതാവ് സാക്ഷി സിങ്ങും ബജ്രംഗ് പൂനിയയും.


