|
കൊച്ചി: എറണാകുളത്ത് പള്ളിയിൽ നിസ്കരിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു അതിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട്ടെ ചേളണ്ണൂർ വില്ലേജ് പാലത്തിനു സമീപം കോണോട്ടുതാഴം ഹിറാ മൻസിലിൽ മുനീബ് (29) ആണ് അറസ്റ്റിലായത്. ഡെലിവറി വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരുകയാണ് ഇയാൾ. ചെറുവട്ടൂർ സ്വദേശി കുഞ്ഞുമുഹമ്മദിൻ്റെ മൊബൈലും പണവും ആണ് നഷ്ടപ്പെട്ടത്. ഈ മാസം 14ന് ഉച്ചയ്ക്ക് പ്രാർഥനയ്ക്ക് പള്ളിയിൽ എത്തിയപ്പോഴാണ് 15,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മുനീബ് മോഷ്ടിച്ചത്.
അന്നുതന്നെ ഈ മൊബൈലിലൂടെ ജി-പേ പാസ്‌വേഡ് ഉപയോഗിച്ച് രണ്ട് പ്രാവശ്യമായി പ്രതിയുടെ അക്കൗണ്ടിലേക്ക് 50,000 രൂപ അയച്ചു. എ.ടി.എമ്മിൽ കയറി മിനി സ്റ്റേറ്റ്മെൻ്റ് എടുത്തു പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം കുഞ്ഞുമുഹമ്മദ് അറിഞ്ഞത്.
ഓണാവധി കഴിഞ്ഞ് ചൊവ്വാഴ്ച ബാങ്ക് ശാഖയിൽ എത്തി അക്കൗണ്ട് വിവരം പരിശോധിച്ചപ്പോഴാണ് കൂടുതൽ പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായി. തുടർന്ന് പോലിസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ചെറുവട്ടൂർ ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി. വൈകാതെ പോലീസ് എത്തി കൈവശമുള്ള മൊബൈൽ വാങ്ങി പരിശോധിച്ചപ്പോൾ തട്ടിയെടുത്ത മൊബൈലാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
CI പി.ടി. ബിജോയ്, SI മാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, എം.എം. റെജി, ASI എൽദോസ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Youth arrested for stolen mobile phone in mosque and transfer money


