ശാസ്താംകോട്ട: കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽനിന്ന് പല്ല് തേക്കുന്നതിനിടെ പിടിവിട്ട യുവാവ് ട്രാക്കിൽ വീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ് കൃഷ്ണ(35)നാണ് മരിച്ചത്. മലബാർ എക്‌സ്പ്രസിൽ ഭാര്യ അഞ്ജനയ്ക്കും മകൻ ആത്മദേവിനുമൊപ്പം തിരുവനന്തപുരത്തേക്കു പോകുമ്പോഴായിരുന്നു അപകടം.
|
ബുധനാഴ്ച രാവിലെ 7.30-ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു കിഴക്ക് തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് വീണത്. അഞ്ജനയെ മറ്റു യാത്രക്കാർ വൈകിയാണ് വിവരം ധരിപ്പിച്ചത്. അവർ കൊല്ലത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കൾ ഉച്ചയോടെ ശാസ്താംകോട്ടയിലെത്തി.ഇതിനിടെ ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പല്ല് തേക്കുന്നതിനായി വാഷ്‌ബെയ്‌സിന് അടുത്തേക്കു പോകുമ്പോൾ ട്രെയിൻ ഉലയുകയും പിടിവിട്ട് പുറത്തേക്കു തെറിച്ചുവീഴുകയുമായിരുന്നെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു.
മൃതദേഹം രാത്രി വൈകി വിശ്വപുരത്തെ കുടുംബ വീട്ടിലേക്കു കൊണ്ടു വന്നു. സംസ്‌കാരം ഇന്ന്. കരിഞ്ച കിഴക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണൻ ആശാരി അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനായ ആനന്ദ് കൃഷ്ണൻ കഴിഞ്ഞ 17 വർഷമായി കണ്ണൂരിലാണ്. ഭാര്യ:കണ്ണൂർ സ്വദേശി അഞ്ചുന. മകൻ: ആത്മദേവ്.





